‘പിഴയോ നിയമനടപടികളോ നേരിടാതെ രാജ്യം വിടാം’; യു.എ.ഇ.യില്‍ പൊതുമാപ്പ് ഇന്നുമുതല്‍

single-img
1 August 2018

ആവശ്യമായ താമസരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നുമുതല്‍ തുടങ്ങും. ശിക്ഷയൊന്നും കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ‘രേഖകള്‍ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. ശിക്ഷനടപടികളൊന്നും കൂടാതെ ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യുഎഇയില്‍ തുടരാനോ അതല്ലെങ്കില്‍ സ്വമേധയാ രാജ്യം വിട്ടുപോകാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം.

കൃത്യമായ മാര്‍ഗങ്ങളിലൂടെ യു.എ.ഇ.യില്‍ എത്തുകയും എന്നാല്‍, മതിയായ താമസരേഖകളില്ലാതെ ഇപ്പോള്‍ ഇവിടെ തങ്ങുകയും ചെയ്യുന്ന ആര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. എന്നാല്‍, സാമ്പത്തിക ക്രമക്കേടുകളിലും പോലീസ് കേസുകളിലും പെട്ടവര്‍ക്ക് അവസരമുണ്ടാവില്ല. ഇവര്‍ക്ക് ബന്ധപ്പെട്ട കോടതികളിലോ പോലീസ് സ്റ്റേഷനുകളിലോ പോയി കേസുകള്‍ അവസാനിപ്പിച്ചശേഷം താമസരേഖകളില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് ശരിയാക്കിയെടുക്കാനാവും.

ആര്‍ക്കും യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് പൊതുമാപ്പിന്റെ പ്രധാന സവിശേഷതയാണ്. ഇത്തവണ പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവായിരിക്കുമെന്നാണ് യുഎഇ ഇമിഗ്രേഷന്‍ അധികൃതരുടെ നിഗമനം. പൊതുമാപ്പിന് ശേഷവും മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ പിഴയും കടുത്ത നിയമനടപടിയും നേരിടേണ്ടി വരും.

ആറുവര്‍ഷത്തിനുശേഷമാണ് യുഎഇയില്‍ പൊതുമാപ്പ് നിലവില്‍ വരുന്നത്. അവസാനമായി 2012ല്‍ ആണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 62,000 പേരാണ് ഈ ആനുകൂല്യം ഉപയോഗിച്ച് രാജ്യംവിട്ടത്. രണ്ടുമാസമായിരുന്നു അന്നത്തെ പൊതുമാപ്പിന്റെ കാലാവധി. വിസ നിയമങ്ങളില്‍ അയവ് വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് പൊതുമാപ്പും നടപ്പാക്കുന്നത്.