കൊട്ടിയൂര്‍ പീഡനം: സുപ്രീംകോടതി മൂന്ന് പേരെ കുറ്റവിമുക്തരാക്കി; രണ്ട് പേര്‍ വിചാരണ നേരിടണം

single-img
1 August 2018

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കുറ്റവിമുക്തരാക്കി. സുപ്രീംകോടതിയാണ് കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ കുറ്റവിമുക്തരാക്കിയത്. ടെസി ജോസഫ്, ആന്‍സി മാത്യു, ഡോ.ഹൈദരലി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ വിചാരണ നേരിടണം.

ഫാദര്‍ തോമസ് ജോസഫ് തേരകം, ഡോ. ബെറ്റി എന്നിവരാണ് വിചാരണ നേരിടേണ്ടത്. തെളിവില്ലെന്ന് കണ്ടാണ് മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായിരുന്നവരെ കേസില്‍ നിന്ന് ഒഴിവാക്കുന്നതെന്ന് കോടതി പറഞ്ഞു. വൈദികര്‍ ഉള്‍പ്പെട്ട പീഡന കേസുകള്‍ കൂടുന്നത് ഞെട്ടലുണ്ടാക്കുന്നു.

പള്ളികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും ജസ്റ്റിസ് എ.കെ.സിക്രി പറഞ്ഞു. കൊട്ടിയൂരിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഐ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ വടക്കുഞ്ചേരി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പതിനാറുകാരി പ്രസവിച്ചത്.

തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിനാണ് വിദ്യാര്‍ത്ഥിനി പ്രസവിച്ചത്. നവജാതശിശുവിനെ പെട്ടെന്ന് തന്നെ രഹസ്യമായി വയനാട്ടിലെ അനാഥമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 27ന് പേരാവൂര്‍ പൊലീസ് ഫാദര്‍ റോബിനെ അറസ്റ്റ് ചെയ്തു.

പള്ളി ജീവനക്കാരി തങ്കമ്മ, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റിയ, സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് മറ്റു പ്രതികള്‍. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചന തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി പ്രതികള്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്. തലശേരി അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്.