റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ചു; ഭവന, വാഹന വായ്പാനിരക്കുകള്‍ വര്‍ധിക്കും

single-img
1 August 2018

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് (വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്ക്) കാല്‍ ശതമാനം വര്‍ധിപ്പിച്ചു. 6.25 ശതമാനത്തില്‍നിന്ന് 6.50 ശതമാനമായാണ് വര്‍ധന. നിരക്ക് ഉയര്‍ത്തിയതോടെ വിവിധ വായ്പകളുടെ പലിശ നിരക്കുകള്‍ വര്‍ധിക്കും. ഭവന, വാഹന വായ്പാക്കാരെയാകും ഇത് ബാധിക്കുക.

ഇതിനൊപ്പം റിവേഴ്‌സ് റീപ്പോ നിരക്ക് (വാണിജ്യബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശനിരക്ക്) കാല്‍ ശതമാനം ഉയര്‍ത്തി 6.25 ശതമാനമാക്കി. രണ്ടു ദിവസത്തെ വിലയിരുത്തലിനു ശേഷമാണ് ഇന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ ധനനയ സമിതി തീരുമാനമെടുത്തത്.

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ പിടിച്ചുനിര്‍ത്തുകയെന്നത് വെല്ലുവിളിയായാണ് ആര്‍ബിഐ കാണുന്നത്. പണപ്പെരുപ്പം ജൂണില്‍ 5.77 ശതമാനമായി ഉയര്‍ന്നിരുന്നു. ഏപ്രിലില്‍ 4.58 ശതമാനമായിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി.

പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ തല്‍ക്കാലം താഴ്‌ന്നെങ്കിലും ബാരലിന് 70 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്.