മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്ന സംഘത്തിലും സംഘ്പരിവാര്‍ അനുഭാവികള്‍ നുഴഞ്ഞുകയറി

single-img
1 August 2018

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഒരുക്കുന്ന സംഘത്തിലും സംഘ്പരിവാര്‍ അനുഭാവികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് മൂന്ന് പൊലീസുകാരെ ക്യാമ്പുകളിലേക്ക് മടക്കി അയച്ചതായും ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെ രാഷ്ട്രീയബന്ധം സംബന്ധിച്ച വിശദാംശങ്ങള്‍ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി അനുഭാവികളായ പൊലീസുകാരെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെ സുരക്ഷാചുമതലക്കുള്ള ഗണ്‍മാന്‍മാരായും ഓഫീസുകളിലും നിയോഗിക്കുക. പാര്‍ട്ടി ശിപാര്‍ശ ഉള്‍പ്പെടെ ലഭ്യമാക്കിയാണ് പലരും ഇത്തരം ചുമതലകളില്‍ എത്താറുള്ളത്. എന്നാല്‍ ആര്‍.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥര്‍ എങ്ങനെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയില്‍ എത്തിയെന്നത് സി.പി.എമ്മിനെ ഉള്‍പ്പെടെ ഞെട്ടിച്ചിട്ടുണ്ടെന്നാണ് വിവരം.

ആര്‍.എസ്.എസ് ബന്ധം മാത്രമല്ല, മറ്റ് ചില കാരണങ്ങളുംകൊണ്ടാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മടക്കി അയച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങളുടെ വിശദീകരണം. പൊലീസ് സേനക്കുള്ളില്‍ ആര്‍.എസ്.എസ് അനുഭാവികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെയും അവര്‍ വിവിധ ഗ്രൂപ്പുകളുണ്ടാക്കി രഹസ്യ യോഗങ്ങള്‍ നടത്തിയതിന്റെയും വിവരം നേരത്തെ പുറത്തുവന്നിരുന്നു.