ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭ യോഗം; ജലനിരപ്പ് 2,395.84 ആയി; സുരക്ഷ ശക്തമാക്കി

single-img
1 August 2018

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭ യോഗം. ജലനിരപ്പ് അപകടകരമായ നിലയിലേക്ക് എത്തിക്കാനാവില്ലെന്നും യോഗം വിലയിരുത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുത മന്ത്രി എം.എം.മണിയെ യോഗം ചുമതലപ്പെടുത്തി. ജനങ്ങളെ ഭീതിയിലാഴ്ത്താതെ ഘട്ടംഘട്ടമായിട്ടായിരിക്കും ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മണി മന്ത്രിസഭാ യോഗത്തെ അറിയിച്ചു.

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മണി പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിമാര്‍ രണ്ടു തട്ടിലാണെന്ന വാര്‍ത്ത തെറ്റാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യും. വൈദ്യുതി ബോര്‍ഡിന് വേറിട്ടുള്ള നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യ വന്നാല്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണ്. അതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഡാം തുറക്കുകയാണെങ്കില്‍ അഞ്ച് ഷട്ടറുകളും ഒരുമിച്ച് തുറക്കില്ലെന്നും ഘട്ടം ഘട്ടമായിട്ടാകും ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുകയെന്നും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് 2,395.84 അടിയില്‍ എത്തി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡാമിന് താഴെയും നദീതീരത്ത് ഉള്ളവര്‍ക്കും ഇന്നലെ തന്നെ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ജലനിരപ്പ് 2399 അടി ആകുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.