ഒരു കുടുംബത്തിലെ ഏഴുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

single-img
31 July 2018

റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ടു കുട്ടികളുള്‍പ്പെടെ ഏഴുപേരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ ദീപക് കുമാര്‍ ഝാ, ഇയാളുടെ രക്ഷിതാക്കള്‍, സഹോദരന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരെയാണ് തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാടക വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണു സഹോദരങ്ങളായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. ദീപക് കുമാര്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും കടം കാരണം ഇതു സാധിച്ചിരുന്നില്ലെന്ന് ഇവരുടെ വീട്ടുടമസ്ഥനായ എ. മിശ്ര വ്യക്തമാക്കി. ഇയാളുടെ ഇളയ സഹോദരന്‍ രൂപേഷ് ഝാ (30) തൊഴില്‍ രഹിതനാണ്.

കുടുംബത്തിലെ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കിടക്കയിലാണ് കണ്ടെത്തിയത്. ദീപക്കിന്റെ മകനും മകളും മരിച്ചവരില്‍ ഉള്‍പ്പെടും. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്നു റാഞ്ചിയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അനീഷ് ഗുപ്ത പറഞ്ഞു.

ദീപക്കിന്റെ മകളുടെ സ്‌കൂള്‍ വാന്‍ രാവിലെ കുട്ടിയെ വിളിക്കാനായി വീട്ടിലെത്തിയിരുന്നു. വീട്ടില്‍ ആളനക്കമില്ലാതിരുന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരണം പുറത്തുവന്നത്. വാനിലുണ്ടായിരുന്ന പെണ്‍കുട്ടിയാണു മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഡല്‍ഹിയിലെ ബുറാഡിയില്‍ 11 അംഗകുടുംബം കൂട്ട ആത്മഹത്യ ചെയ്ത് ആഴ്ചകള്‍ക്കിപ്പുറമാണു സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.