സീത സീതയെ കണ്ടുമുട്ടിയപ്പോള്‍

single-img
31 July 2018

ദൂരദര്‍ശനിലെ രാമായണം പരമ്പരയിലെ സീതയെ ആരും മറക്കാനിടയില്ല. 1987-88 കാലയളവില്‍ രാമായണം പരമ്പരയില്‍ സീതയായി ഏവരുടേയും മനസ്സില്‍ നിറഞ്ഞുനിന്ന താരമാണ് ദീപിക ചിക്കില. രാമായണത്തിന്റെ പുതിയ വെര്‍ഷനില്‍ സീതയായി അഭിനയിക്കുന്ന ദേബിന ബോണര്‍ജി പഴയകാല സീത ദീപികയെ നേരിട്ട് കണ്ടു.

മുംബൈയില്‍ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും തമ്മിലെ ചിത്രങ്ങള്‍ ദേബിനയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സീതമാര്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ‘എത്ര രസകരവും അവിസ്മരണീയവുമായിരുന്നു ആ നിമിഷങ്ങള്‍ എന്ന് വിവരിക്കാനാകില്ല’ ദേബിന കുറിച്ചു.

ദീപികയുടെ പഴയ വീഡിയോ സിഡികള്‍ കണ്ട് പഠിച്ചാണ് തന്റെ ആദ്യ റോളുകള്‍ അഭിനയിച്ചതെന്ന് ദേബിന വ്യക്തമാക്കി. അഭിനയ കുലപതിയില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും പഴയ സിഡി കണ്ട് കുറേ കാര്യങ്ങള്‍ ഗ്രഹിച്ചാണ് താന്‍ പുതിയ സീതയായി അരങ്ങേറിയതെന്നും ദേബിന പറഞ്ഞു.

‘ഞാന്‍ അന്നും ഇന്നും ദീപികയുടെ ആരാധികയാണ്. അക്കാലത്ത് രാമായണം മുടങ്ങാതെ കാണുമായിരുന്നു. സീതയേയും രാമനേയും ലവ കുശന്മാരേയും കാണാന്‍ ഏറെ ഇഷ്ടമായിരുന്നു’ ദേബിന പറഞ്ഞു.