സംസ്ഥാനത്ത് കനത്തമഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഓറഞ്ച് അലര്‍ട്ടിന് പിന്നാലെ സുരക്ഷ ശക്തമാക്കി; അതിജാഗ്രതാ നിര്‍ദേശം

single-img
31 July 2018

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലയോരമേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി ഷോക്കേറ്റതിനെ തുടര്‍ന്ന് ജോര്‍ജുകുട്ടി എന്നയാള്‍ മരിച്ചു.

നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്.

അതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.34 അടിയിലെത്തി. ഇന്നു രാവിലെ ഒന്‍പതു മണിക്കുള്ള റീഡിങ് അനുസരിച്ചാണിത്. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു.

2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. 2399 അടിയാകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണിയില്‍ ഷട്ടറുകള്‍ ഉയര്‍ത്തൂ. 2403 അടിയാണു പരമാവധി ശേഷി.

ഇന്നലെ ഉച്ചയ്ക്കുശേഷം മഴ കനത്തതോടെ ഡാമിലേക്കുള്ള നീരൊഴുക്കു കൂടി. ജലനിരപ്പ് 2395 അടിയിലെത്തിയ വിവരം കെഎസ്ഇബി ഇടുക്കി കലക്ടര്‍ കെ.ജീവന്‍ ബാബുവിനെ അറിയിച്ചതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ അനുമതി നല്‍കി. ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയറാണ് അലര്‍ട്ട് പുറപ്പെടുവിച്ചത്. മൈക്കിലൂടെ ഇക്കാര്യം രാത്രി തന്നെ നാട്ടുകാരെ അറിയിച്ചു.

200 കുടുംബങ്ങളെയാണ് പ്രദേശത്തുനിന്നും മാറ്റിപാര്‍പ്പിക്കണ്ടേത്. ഇതില്‍ 40 കുടുംബങ്ങളെ ഉടന്‍ മാറ്റിപാര്‍പ്പിക്കണം എന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ടി നാല് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നുകഴിഞ്ഞു. മാറ്റിപാര്‍പ്പിക്കുന്നവരില്‍ കിടപ്പ് രോഗികളുണ്ടെങ്കില്‍ അവരെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിര്‍ദേശം.

ഓറഞ്ച് അലർട്ട് നൽകി എന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർഥമില്ല. ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നത്– മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.