‘അന്ന് ഞാന്‍ പെറ്റി ബൂര്‍ഷ്വ; ഇന്ന് മുഖ്യമന്ത്രി യുഎസിലേക്ക്’: മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സയെ ട്രോളി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

single-img
31 July 2018

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുമ്പോള്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നെന്ന വാര്‍ത്ത കണ്ടപ്പോള്‍ പണ്ട് തന്റെ സ്ഥാപനത്തില്‍ നടന്ന സമരത്തില്‍ തന്നെ പെറ്റി ബൂര്‍ഷ്വയെന്നും അമേരിക്കന്‍ ചെരുപ്പ് നക്കിയെന്നും സി.ഐ.ടി.യുക്കാര്‍ വിളിച്ചതാണ് ഓര്‍മ്മ വരുന്നതെന്ന് ചിറ്റിലപ്പളി പറഞ്ഞു.

‘ഒരു പഴയ ലാംബെ സ്‌കൂട്ടറുള്ള ഒരു ചെറിയ വ്യവസായി മാത്രമായിരുന്നു അന്ന് ഞാന്‍. പ്രത്യയ ശാസ്ത്രവും ആദര്‍ശവാദവും എത്ര പെട്ടെന്നാണ് മാറുന്നത്’ ചിറ്റിലപ്പളി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതേസമയം, ആഗസ്റ്റ് 19 മുതല്‍ സെപ്തംബര്‍ 6 വരെ വിദഗ്ദ്ധ ചികിത്സായ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുന്നത്. അമേരിക്കയിലെ മിനസോട്ടയിലുള്ള മയോക്‌ളിനിക്കില്‍ പരിശോധനകള്‍ക്ക് വിധേയനാവും. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പം പോകുന്നുണ്ട്.