ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി

single-img
31 July 2018

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കിയത് കൊണ്ട് അണക്കെട്ടിലെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കുമെന്ന് അര്‍ത്ഥമില്ല.

മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം ( റെഡ് അലര്‍ട്ട് ) ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് പകല്‍ സമയം മാത്രമാകും ഷട്ടര്‍ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണാധികാരികളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.34 അടിയാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ്. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയിലെത്താന്‍ ഇനി എട്ടടിയോളം മതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലാണ്. വൃഷ്ടിപ്രദേശത്ത് താരതമ്യേന മഴ കുറവായതിനാലാണ് ഇത്.

തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒരു ജാഗ്രതാ മുന്നറിയിപ്പ് മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. 2399 അടിയിലെത്തിയാല്‍ മാത്രമേ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കൂ. സാധാരണ 2340 അടിയിലെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.

എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് റെഡ് അലര്‍ട്ട് നേരത്തേ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. സാധാരണ ഗതിയില്‍ വീണ്ടും 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ ഷട്ടര്‍ തുറക്കുകയുള്ളൂ. എന്നാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 135.80 അടിയായി കുറഞ്ഞിട്ടുണ്ട്.. ഞായറാഴ്ച 135.90 അടിയായിരുന്നു.

ജലനിരപ്പ് വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ ഷട്ടറുകള്‍ തുറക്കില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ കേരളത്തില്‍ മഴ വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്. സംഭരണിയുടെ ഉപരിതല ഭാഗത്ത് വിസ്തൃതി കൂടുതലാണ്. അതുകൊണ്ടു തന്നെ ജലനിരപ്പുയരുന്നത് സാവധാനത്തിലായിരിക്കും. നിലവില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ചെറുതോണി അണക്കെട്ടിന് മുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നാല്‍ ആദ്യം മാറ്റിപ്പാര്‍പ്പിക്കേണ്ട 100 ഓളം കുടുംബങ്ങള്‍ക്കുള്ള ക്യാമ്പുകള്‍ സജ്ജമാണ്. ആദ്യം 200 കെട്ടിടങ്ങളേയാണ് വെള്ളമൊഴുക്ക് ബാധിക്കുക. ഇവര്‍ക്ക് നേരത്തേ തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ട്.