‘എന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ എന്ത് പറയണം?’; ഓഗസ്റ്റ് 15 ലെ പ്രസംഗത്തിന് ജനങ്ങളുടെ പ്രതികരണം തേടി പ്രധാനമന്ത്രി

single-img
31 July 2018

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളും ആശയങ്ങളും ജനങ്ങളോട് പങ്കുവെക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗസ്റ്റ് 15ന് 72ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജനങ്ങളോടു സംവദിക്കേണ്ട വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ MyGov Appലൂടെ പങ്കുവെക്കണമെന്നാണ് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

‘ആഗസ്റ്റ് 15ലെ തന്റെ പ്രസംഗത്തില്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്. ആശയം നരേന്ദ്രമോദി ആപ്പിലൂടെ പങ്കുവെക്കൂ. വരുന്ന ദിവസങ്ങളില്‍ ഫലവത്തായ വിവരങ്ങള്‍ കാത്തിരിക്കുന്നു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലേക്കും മോദി ജനങ്ങളുടെ പ്രതികരണം തേടിയിരുന്നു. മന്‍ കി ബാത്തിന്റെ പത്താം പതിപ്പിലേക്കായിരുന്നു ഇത്. പൊതുജനങ്ങളില്‍ നിന്ന് വിഷയങ്ങള്‍ തേടുന്നത് മികച്ച ആശയമാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.