വനിതാ എം.എല്‍.എയുടെ സന്ദര്‍ശനത്തിന് പിന്നാലെ യു.പിയിലെ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് അടിച്ചുതളിച്ചു ‘ശുദ്ധമാക്കി’

single-img
31 July 2018

വനിതാ എംഎല്‍എയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് അടിച്ചുതളിച്ചു ‘ശുദ്ധമാക്കി’. ബിജെപി എംഎല്‍എ മനീഷ അനുരാഗിയുടെ സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു ക്ഷേത്രം അധികൃതരുടെ നടപടി. ഗംഗാജല ഉപയോഗത്തിനു പുറമേ ആരാധനാമൂര്‍ത്തിയുടെ പ്രതിമകള്‍ ശുദ്ധീകരിക്കുന്നതിനായി അലഹബാദിലേക്ക് അയയ്ക്കുകയും ചെയ്തു.

ബി.ജെ.പി എം.എല്‍.എയായ മനീഷാ അനുരാഗിയാണ് ക്ഷേത്രത്തിലെ സംസ്‌ക്കാരത്തെക്കുറിച്ച് അറിയാതെ ഇക്കഴിഞ്ഞ 12ന് ക്ഷേത്രദര്‍ശനത്തിന് എത്തിയത്. ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനു വിലക്കുണ്ട്. ഇത് സംബന്ധിച്ച് മനീഷക്ക് അറിവുണ്ടായിരുന്നില്ല.

പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതോടെ എംഎല്‍എ പ്രസിദ്ധമായ ധ്രും റിഷി ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി. എന്നാല്‍, ശ്രീകോവിലിലേക്ക് എംഎല്‍എ പ്രവേശിക്കുന്നത് നാട്ടുകാര്‍ തടയുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അധികൃതര്‍ ക്ഷേത്രം ഗംഗാജലം തളിച്ച് ‘ശുദ്ധീകരിച്ചത്’.

സ്ത്രീകളെയാകെ അപമാനിക്കുന്ന നടപടിയാണ് ക്ഷേത്രം അധികൃതര്‍ കൈക്കൊണ്ടതെന്ന് മനീഷ പ്രതികരിച്ചു. അതേസമയം, മഹാഭാരത കാലത്ത് സ്ഥാപിച്ചെന്ന് കരുതുന്ന ക്ഷേത്രത്തില്‍ ഇതുവരെ സ്ത്രീകള്‍ പ്രവേശിച്ചിട്ടില്ലെന്ന് ഇവിടുത്തെ മുഖ്യപുരോഹിതന്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ താന്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നില്ല. താന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ എം.എല്‍.എയെ തടയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.