തെളിവില്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കും; മാണിക്കെതിരെ തെളിവില്ലെന്ന് ആവര്‍ത്തിച്ച് വിജിലന്‍സ്

single-img
31 July 2018

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിജിലന്‍സ്. കോഴ നല്‍കിയതിനും വാങ്ങിയതിനും തെളിവില്ലെന്ന് കോടതിയെ വിജിലന്‍സ് അറിയിച്ചു. പാലായിലെ വീട്ടില്‍ വച്ച് മാണി കോഴ വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സാക്ഷിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്തായിരുന്നെന്നും വിജിലന്‍സ്, കോടതിയെ അറിയിച്ചു.

മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ചപ്പോഴായിരുന്നു വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ടുള്ളത് ആരോപണങ്ങള്‍ മാത്രമാണ്. ആരോപണങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ തെളിവില്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കുമെന്നാണ് വിജിലന്‍സ് കോടതിയില്‍ ചോദിച്ചത്.

കേസില്‍ പ്രധാന തെളിവായി ബാര്‍ ഉടമ ബിജു രമേശ് നല്‍കിയത് എഡിറ്റ് ചെയ്ത സി.ഡിയാണ്. ശാസ്ത്രീയ പരിശോധനയില്‍ സി.ഡി എഡിറ്റിംഗ് നടത്തിയ കാര്യം തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സിന്റെ അഭിഭാഷകന്‍ സി.സി.അഗസ്റ്റിന്‍ കോടതിയെ അറിയിച്ചു.