സംസ്ഥാനത്ത് കനത്ത മഴ; നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകള്‍ തുറന്നു; പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു; ജാഗ്രതാ നിര്‍ദേശം

single-img
31 July 2018

സംസ്ഥാനത്ത് ശക്തമായ മഴ. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തകര്‍ത്തു പെയ്യുകയാണ്. മറ്റന്നാള്‍ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. രാവിലെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്. തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.

നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മൂന്ന് അടിയാക്കി തുറന്നു. ആദ്യം ഒരടിയാണു തുറന്നത്. അരുവിക്കര ഒന്നര മീറ്ററും പേപ്പാറ ഒന്നര സെന്റീമീറ്ററും മാത്രമാണ് ഉയര്‍ത്തിയിരിക്കുന്നത്. പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ ആറളം ഫാം വളയംചാല്‍ തൂക്കുപാലം ഒഴുക്കിപ്പോയി.

ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപ്പാലമാണ് ഒഴുകിപ്പോയത്. പാലപ്പുഴ പാലത്തിനു മുകളിലൂടെയും വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയതോടെ ആറളം കീഴ്പ്പള്ളി റോഡിലെ ഗതാഗതം മുടങ്ങി. ആറളം ഫാം ഒറ്റപ്പെട്ട സ്ഥിതിയിലാണ്. ആറളം ഫാമും വന്യജീവി സങ്കേതവും ഉള്‍പ്പെട്ട ഭാഗത്തേക്ക് എത്താന്‍ ആശ്രയിച്ചിരുന്ന വളയംചാലിലെ തൂക്കുപാലമാണ് ഒഴുകിപ്പോയത്. കാറ്റിലും മഴയിലും കള്ളിക്കാട്, കുറ്റിച്ചല്‍, അമ്പൂരി, വെള്ളറട പഞ്ചായത്തുകളില്‍ വ്യാപക നാശമുണ്ടായി.

പേരാവൂരില്‍ എട്ട് മണിക്കൂറിലധികമായി പെയ്യുന്ന മഴയില്‍ മലയോര മേഖലയിലെ ടൗണുകള്‍ വരെ വെള്ളത്തിലായി. കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫിസടക്കം വെള്ളത്തിലാണ്. ടൗണ്‍ പരിസരത്ത് മലയോര ഹൈവേ പൂര്‍ണ്ണമായി വെള്ളം കയറിയ നിലയിലാണ്. അമ്പായത്തോട്, കൊട്ടിയൂര്‍, അടക്കാത്തോട്, വളയംചാല്‍, വാളുമുക്ക്, ഓടംതോട്, അണുങ്ങോട്, മംപ്പുരചാല്‍, പെരുമ്പുന്ന, തൊണ്ടിയില്‍, പുന്നപ്പാലം, പെരുവ, നെടുംപൊയില്‍, നെടുംപുറംചാല്‍ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. ബാവലി, ചീങ്കണ്ണി, കാഞ്ഞരപ്പുഴ എന്നിവയെല്ലാം കര കവിഞ്ഞൊഴുകുന്നു. പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. മലയിടിച്ചില്‍ ഭീഷണിയിലും ഉരുള്‍പൊട്ടല്‍ ഭീതിയിലുമാണ് മലയോരം.