രണ്ട് മലകളുടെ ഇടുക്കില്‍ പ്രകൃതി ഒളിപ്പിച്ച മഹാദ്ഭുതം; ഇടുക്കി അണക്കെട്ട് ഉണ്ടായതെങ്ങനെ ?

single-img
31 July 2018

മലയാളികളുടെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം 2403 അടി ശേഷിയുള്ള ജലസംഭരണിയാണ്. കനത്തമഴ തുടരുമ്പോള്‍ ചരിത്രത്തിലാദ്യമായി ജൂലായ് മാസത്തില്‍തന്നെ ഇടുക്കി ഡാം നിറയുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ രണ്ട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായേക്കാം എന്ന ആശങ്കയിലാണ് ഭരണകൂടവും ജനങ്ങളും. ഇതോടെ 300 വര്‍ഷം ആയുസ്സ് പറഞ്ഞിരിക്കുന്ന ഇടുക്കി അണക്കെട്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ഈ ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേരുണ്ടായത്. ഇടുക്കി അണക്കെട്ട് കേരളത്തിന്റെ മഹാത്ഭുതമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സമുദ്രനിരപ്പില്‍നിന്നും 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയ്ക്കും 839 മീറ്റര്‍ ഉയരമുള്ള കുറവന്‍മലയ്ക്കും ഇടയില്‍ ‘കമാനം’ വിരിച്ച് കിലോമീറ്ററുകളോളം പരന്നുകിടക്കുകയാണ് ഈ പദ്ധതി.

ഉയരത്തില്‍ ഏഷ്യയില്‍ രണ്ടാമനായ ചെറുതോണിയിലെ ആര്‍ച്ച് ഡാം, അഞ്ച് ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ട്, കുളമാവ് ഡാം, മൂലമറ്റം പവര്‍ ഹൗസ് എന്നിവയൊക്കെ ഉള്‍പ്പെടുന്നതാണ് ഇടുക്കി പദ്ധതി. കാമാനാകൃതിയോളം പ്രകൃതിയോട് യോജിച്ച മറ്റൊന്നില്ല. ഭാരം താങ്ങുവാന്‍ ആര്‍ച്ചിന് കൂടുതല്‍ ശേഷിയുണ്ട് എന്നത് ഒരു ശാസ്ത്രീയ വസ്തുതയാണ്. അതിനാല്‍ തന്നെയാണ് ഇടുക്കി അണക്കെട്ടിന് കമാനാകൃതി തന്നെ തിരഞ്ഞെടുത്തത്.

ഇവിടെ കുതിച്ചുതുള്ളി ഒഴുകിയ പെരിയാര്‍ നദിയെ തടഞ്ഞു നിര്‍ത്തിയാണ് സംഭരണി നിര്‍മ്മിച്ചിട്ടുള്ളത്. വൈദ്യുതി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇടുക്കി ഡാം പണികഴിപ്പിച്ചിട്ടുള്ളത്. മനുഷ്യാധ്വാനത്തിന്റെ അത്ഭുതങ്ങളിലൊന്നാണ് ഇടുക്കി പദ്ധതി. ഇടുക്കി ചെറുതോണി അണക്കെട്ടിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത് ലിഫ്റ്റ് സൗകര്യമാണ്.

അണക്കെട്ടില്‍ തന്നെയാണ് ലിഫ്റ്റുള്ളത്. കോണോടുകോണ്‍ നീളമുള്ള വിശാലമായ മൂന്നു ഇടനാഴികള്‍ ഇടുക്കി അണക്കെട്ടിനുള്ളില്‍ മൂന്നു നിലകളായി സ്ഥിതിചെയ്യുന്നു. കുറത്തിമല തുരന്നാണ് ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ 2408 അടിയെന്ന ഉയരം സമുദ്രനിരപ്പില്‍ നിന്നുള്ളതാണ്. ശരിക്കുള്ളത് 515 അടി.

കൃത്യമായി പറയുകയാണെങ്കില്‍ 51 നില കെട്ടിടത്തിന്റെ ഉയരം. വെള്ളം നിറഞ്ഞ് സമ്മര്‍ദ്ദം ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇടുക്കി അണക്കെട്ടിന് 40 മില്ലി മീറ്റര്‍ വരെ പുറത്തേക്ക് തള്ളാന്‍ ശേഷിയുണ്ട് എന്നത് വലിയ പ്രത്യേകതയാണ്. കോണ്‍ക്രീറ്റ് കൊണ്ടാണ് ഡാം നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിന് 168.9 മീറ്റര്‍ ഉയരമുണ്ട്. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയുമുണ്ട്. അടിയിലെ വീതി 19.81 മീറ്ററാണ്. ആകെ 4.64 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് ഇതിന്റെ മാത്രം നിര്‍മിതിക്ക് വേണ്ടി വന്നു. ആര്‍ച്ച് ഡാമിന് ഷട്ടറുകളില്ല. നിര്‍മാണത്തിന് 11 കോടി രൂപയാണ് ചെലവായത്.

ഇടുക്കി അണക്കെട്ടിന്റെ ചരിത്രം

1932 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ . ജെ . ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പന്‍ കുറവന്‍കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു.

മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്‍പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനുതോന്നി. പിന്നീട് ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

1937 ല്‍ ഇറ്റലിക്കാരായ അഞ്ജമോഒമേദയോ, കഌന്തയോ മാസെലെ എന്നീ എന്‍ജിനീയര്‍മാര്‍ ഇടുക്കിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനനുകൂലമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇതിന് തയാറായില്ല. 1947 ല്‍ തിരുവിതാംകൂറിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്ന പി. ജോസഫ് ജോണിന്റെ റിപ്പോര്‍ട്ടില്‍ പെരിയാറിനെയും ചെറുതോണിപുഴയേയും ബന്ധിപ്പിച്ച് അണക്കെട്ട് നിര്‍മിക്കാനും അറക്കുളത്ത് വൈദ്യുതി നിലയം സ്ഥാപിക്കാനും ശുപാര്‍ശ ചെയ്തു.1963ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചു.

തുടര്‍ന്ന് ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു. 1966 78 ലക്ഷം കനേഡിയന്‍ ഡോളറിന്റെ സഹായധനവും 115 ലക്ഷം കനേഡിയന്‍ ഡോളറിന്റെ ദീര്‍ഘകാല വായ്പയും ഇടുക്കി പദ്ധതിക്കായി ലഭിച്ചു. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവന്‍ മലയേയും, കുറത്തി മലയേയും ബന്ധിപ്പിച്ചുകൊണ്ടായിരുന്നു.

പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന്‍ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാന്‍ കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു. അണക്കെട്ടിന്റെ ചലനമറിയാന്‍ പെന്‍ഡുലം, വിളളലുകളറിയാന്‍ ക്രാക്ക് മീറ്റര്‍, ഊഷ്്മാവറിയാന്‍ വാട്ടര്‍ തെര്‍മോമീറ്റര്‍, ഭൂചലനമറിയാന്‍ ആക്‌സലറോ ഗ്രാഫ് തുടങ്ങിയ ഉപകരണങ്ങള്‍ ഇടുക്കി അണക്കെട്ടിനുളളിലുണ്ട്.

കടപ്പാട്: മാതൃഭൂമി