വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവതിക്ക് ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി

single-img
31 July 2018

ദുബായിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവതിക്ക് ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി. കോഴിക്കോട് താഴെ കാഞ്ഞരോളി സ്വദേശി ഷംസീറിന്റെ ഭാര്യ രഹ്നാ ജാസ്മിനാണ് തുക ലഭിക്കുക. 2015 ഓഗസ്റ്റ് 24ന് രാത്രി എട്ടരയോടെ ദുബായ് മറീനാ മാളിനടുത്തായിരുന്നു കേസിനാസ്പദമായ വാഹനാപകടം.

ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ആശുപത്രിയിലേയ്ക്ക് കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. രഹ്നയും സുഹൃത്തിന്റെ ഭാര്യയും കുട്ടിയും പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. അപകടത്തില്‍ കാറോടിച്ചിരുന്ന ഭര്‍ത്താവിന്റെ സുഹൃത്തും അദ്ദേഹത്തിന്റെ രണ്ട് വയസ്സുള്ള കുട്ടിയും മരിക്കുകയും രഹ്നയ്ക്ക് തലയ്ക്കും കണ്ണിനും മുഖത്തും സാരമായ പരുക്കേല്‍ക്കുകയുമായിരുന്നു.

ഇവര്‍ 24 ദിവസം ദുബായ് റാഷിദ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ ശസ്ത്രക്രിയക്കും വിധേയായി. പിന്നീട് നാട്ടിലേയ്ക്ക് മടങ്ങി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നഷ്ടപരിഹാരത്തിന് സിവില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസിലാണ് ദുബായ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.