ട്രംപിന്റെ ഒറ്റ ട്വീറ്റിലൂടെ ട്വിറ്ററിന് നഷ്ടമായത് ലക്ഷങ്ങള്‍

single-img
30 July 2018

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വീറ്റിലൂടെ ട്വിറ്ററിന് ഉണ്ടായ നഷ്ടം ചെറുതല്ല. നിമിഷങ്ങള്‍ക്കുള്ളിലാണ് ട്വിറ്ററിന്റെ ഓഹരിവിലയില്‍ 3.2 ശതമാനം ഇടിവുണ്ടായത്. ട്വിറ്റര്‍ ഷാഡോ ബാനിംഗ് ചെയ്യുന്നുവെന്ന ട്രംപിന്റെ ട്വീറ്റാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായത്.

പോസ്റ്റ് ചെയ്ത വ്യക്തിക്കൊഴികെ മറ്റാര്‍ക്കും കാണാനാകാത്ത വിധം അദൃശ്യമാക്കുന്ന പ്രക്രിയയാണ് ഷാഡോ ബാനിങ്. സാങ്കേതിക പിഴവാണ് സംശയത്തിനിടയാക്കിയതെന്ന് ട്വിറ്റര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അപ്പോഴേക്കും ഓഹരിയുടെ വില 42.79 ഡോളറായി കുറഞ്ഞിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെ ഷാഡോ ബാന്‍ ചെയ്യുകയാണെന്നും ഇത് നല്ല നടപടിയല്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. നിയമവിരുദ്ധമായ ഈ നടപടി പരിശോധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഫോളോ ചെയ്യുന്ന വ്യക്തികളുടെ ട്വീറ്റ് ഉപയോക്താവിന് കാണാനാകുമെന്നും സെര്‍ച്ചിലെ സ്വയം നിര്‍ദേശം നല്‍കുന്ന പ്രവര്‍ത്തനത്തില്‍ വന്ന സാങ്കേതിക പിഴവാണ്
തെറ്റിദ്ധാരണക്ക് കാരണമായതെന്നും ട്വിറ്റര്‍ വിശദമാക്കി.

ആയിരത്തോളം അക്കൗണ്ടുകളില്‍ ഈ പിഴവ് കണ്ടെത്തിയിരുന്നു. സാങ്കേതികമായിരുന്ന ഈ പിഴവ് പരിഹരിച്ചതായും ട്വിറ്റര്‍ അറിയിച്ചു.