ശങ്കര്‍ മഹാദേവന്‍ വാക്കുപാലിച്ചു; സോഷ്യല്‍ മീഡിയയിലൂടെ താരമായ രാകേഷ് കൂടെ പാടി: വീഡിയോ

single-img
30 July 2018

ശങ്കർ മഹാദേവൻ സാറിനൊപ്പം ഒരു വേദിയിൽ പാടാൻ അവസരം ലഭിച്ചു. സാറിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. ദൈവത്തിനു നന്ദി എന്നെ ഒരു പാട് സപ്പോർട്ട് ചെയ്ത എല്ലാ വർക്കും ഒരു പാട് നന്ദി

Posted by Rakesh Nooranad on Saturday, July 28, 2018

രാകേഷ് ഉണ്ണി എന്ന നൂറനാട് സ്വദേശി ഒരു സ്വപ്നം സത്യമായതിന്റെ ആഹ്‌ളാദ നിമിഷത്തിലാണ്. ഓര്‍മ്മവച്ച കാലം മുതല്‍ സ്‌നേഹിച്ച, ആരാധിച്ച ഗായകന്‍ ശങ്കര്‍ മഹാദേവനൊപ്പം വേദിയില്‍ ഒരുമിച്ച് പാടി. അതും ശങ്കര്‍ മഹാദേവന് ആദ്യ ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘എന്ന സൊല്ല പോഗിരായ്’ എന്ന ഗാനം.

തടിപ്പണിക്കിടയില്‍ ജോലിയുടെ ആയാസം മാറ്റാന്‍ വെറുതെ പാടിയ ഒരു പാട്ടാണ് രാകേഷിന്റെ ജീവിതം മാറ്റി മറിച്ചത്. ‘വിശ്വരൂപം’ എന്ന സിനിമയിലെ ‘ഉന്നെ കാണാത് നാന്‍’ എന്ന ഗാനത്തിലൂടെയാണ് രാകേഷ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിനു പിന്നാലെ ഈ ഗായകനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടും രാകേഷിനൊപ്പം പാടാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചും ശങ്കര്‍ മഹാദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പുമിട്ടിരുന്നു. പിന്നാലെ കമലഹാസന്‍ രാകേഷിനെ ചെന്നൈയിലേക്ക് ക്ഷണിക്കുകയും നേരില്‍ കണ്ട് ഗാനമാലപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ശനിയാഴ്ചയാണ് ശങ്കര്‍ മഹാദേവനോടൊപ്പം പാട്ടുപാടാനുള്ള അവസരം രാകേഷിന് ലഭിച്ചത്. ശനിയാഴ്ച രാവിലെ 10ന് ശങ്കര്‍ മഹാദേവന്‍ രാകേഷിനെ ഫോണില്‍ ബന്ധപ്പെട്ടു. കൊച്ചിയിലുണ്ടെന്നും അവിടേക്കെത്താന്‍ എത്ര ദൂരമുണ്ടെന്നും അന്വേഷിച്ചു.

90 കിലോമീറ്ററോളം വരുമെന്നു പറഞ്ഞ രാകേഷിനോട് വൈകുന്നേരത്തെ പരിപാടിക്ക് എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. എങ്ങനെ എത്തുമെന്നും അദ്ദേഹം അന്വേഷിച്ചു. ഞാന്‍ അവിടെ എത്തിക്കോളം എന്നായിരുന്നു രാകേഷിന്റെ മറുപടി.

ബാക്കിയെല്ലാം സ്വപ്‌നസാഫല്യമാണെന്ന് രാകേഷ് പറഞ്ഞു. ഗ്രാന്റ് ഹയാത്തിലെത്തി ഗായകനെ കണ്ട രാകേഷ് അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങുകയും ഒപ്പം നിന്ന് ചിത്രം എടുക്കുകയും ചെയ്തു. തുടര്‍ന്ന് രാകേഷിനെ തന്റെ കൂടെ പാടിക്കുകയാണെന്ന് ലോകത്തെ അറിയിച്ചു കൊണ്ട് ശങ്കര്‍ മഹാദേവന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു.

പരിപാടിക്കു മുമ്പായി അദ്ദേഹത്തിന്റെ എല്ലാം ടീമംഗങ്ങളും ചേര്‍ന്നു നിന്നുള്ള പ്രാര്‍ത്ഥനാ സമയത്തിന് ഏറെ പ്രത്യേകതയുണ്ടെന്ന് രാകേഷ് പറഞ്ഞു. പരിശീലന സമയത്തും എല്ലാവരുടെയും പിന്തുണ ലഭിച്ചു. ഗുരുതുല്യനായി കാണുന്ന വ്യക്തിയുമായി ഒരു വേദി പങ്കിടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് രാകേഷ് കൂട്ടിച്ചേര്‍ത്തു.