കളിക്കാരന്റെ ഓട്ടോഗ്രാഫിന് വേണ്ടി കാത്ത് നില്‍ക്കുന്ന റഫറി

single-img
30 July 2018

പിഎല്‍ജി ആര്‍സനല്‍ മത്സരം നിയന്ത്രിക്കേണ്ട റഫറി മത്സരത്തിന് തൊട്ടുമുമ്പ് കളിക്കാരനോട് ഓട്ടോഗ്രാഫ് ചോദിക്കുന്നു. അതും തന്റെ പോക്കറ്റില്‍ കരുതിയിരുന്ന മഞ്ഞക്കാര്‍ഡില്‍ ഓട്ടോഗ്രാഫ് വേണമെന്നാണ് റഫറി ആവശ്യപ്പെട്ടത്. ആര്‍സനല്‍ ക്യാപ്റ്റന്‍ മെസൂട്ട് ഓസിനോടാണ് റഫറി മഞ്ഞക്കാര്‍ഡില്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്.

സീസണു മുന്നോടിയായുള്ള സന്നാഹമത്സരത്തിന് ഇറങ്ങാനായി ടണലില്‍ നില്‍ക്കവെയാണ് റഫറിയുടെ ചോദ്യം. ആദ്യം ഒന്ന് അദ്ഭുതപ്പെട്ടെങ്കിലും ഉടന്‍തന്നെ ഓസില്‍ പേനവാങ്ങി മഞ്ഞക്കാര്‍ഡില്‍ തന്നെ ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. മത്സരം നിയന്ത്രിക്കേണ്ട റഫറി മത്സരത്തിനു തൊട്ടുമുമ്പ് കളിക്കാരന്റെ ഓട്ടോഗ്രാഫ് ചോദിച്ചത് ഏറെ വിവാദമുണ്ടാക്കി.

റഫറിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. നിഷ്പക്ഷനായി പെരുമാറേണ്ട റഫറി ഇത്തരത്തില്‍ പെരുമാറിയത് ശരിയായില്ലെന്നാണ് ചിലര്‍ വാദിച്ചു. എന്നാല്‍, സന്നാഹ മത്സരത്തിന് മുന്നോടിയായി റഫറി ഓട്ടോഗ്രാഫ് ചോദിച്ചത് ഇത്ര വിവാദമാക്കേണ്ടതില്ല എന്നാണ് മറുഭാഗത്തിന്റെ വാദം.

വംശീയ വിവാദങ്ങള്‍ വാര്‍ത്തയില്‍ ഏറെ നിറഞ്ഞുനിന്ന സമയത്താണ് ജര്‍മന്‍ താരം ഓസില്‍ ഇത്തരത്തില്‍ വീണ്ടും ശ്രദ്ധേയനായത്. തുര്‍ക്കി വംശജനായതുകൊണ്ടു ജര്‍മ്മനിയില്‍ നിന്ന് തനിക്ക് വംശീയാധിക്ഷേപം നേരിട്ടുവെന്നും ഇനി ദേശീയ ടീമില്‍ കളിക്കാനില്ലെന്നും ലോകകപ്പിനുശേഷം ഓസില്‍ വ്യക്തമാക്കിയിരുന്നു.