ടെലികോം അഴിമതി: ദയാനിധിമാരന്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി; അപ്പീല്‍ തള്ളി

single-img
30 July 2018

അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയനിധി മാരനും സഹോദരന്‍ കലാനിധി മാരനും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2004ല്‍ യുപിഎ സര്‍ക്കാരില്‍ ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ ചെന്നൈയിലെ വീട്ടില്‍ ബിഎസ്എന്‍എല്ലിന്റെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിക്കുകയും ഇവ സണ്‍ ടിവി ഗ്രൂപ്പിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് കേസ്.

കേസില്‍ മാരന്‍സഹോദരന്‍മാരെ പ്രത്യേക സി.ബി.ഐ. കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരേ സി.ബി.ഐ. മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് 12 ആഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് മാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും അതെല്ലാം വിചാരണവേളയില്‍ തെളിയേണ്ടതാണെന്നും സുപ്രീം കോടതി വിലയിരുത്തി. മാരന്‍സഹോദരന്മാര്‍ക്കും രണ്ട് ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥര്‍ക്കും സണ്‍ ടി.വി.ജീവനക്കാര്‍ക്കും എതിരേയാണ് 2017 ജനുവരിയില്‍ സി.ബി.ഐ. കുറ്റപത്രം തയ്യാറാക്കിയത്.

ദയാനിധിമാരന്‍ ചെന്നൈയിലെ ബോട്ട് ക്ലബിലെ വീട്ടിലേക്ക് നിയമവിരുദ്ധമായി 364 ടെലിഫോണ്‍ കണക്ഷനുകള്‍ വലിക്കുകയും അവ രഹസ്യ കേബിള്‍ വഴി സണ്‍ ടി.വി. ഓഫീസിലേക്ക് മാറ്റി ടി.വി. പ്രോഗ്രാമുകള്‍ അപ്‌ലിങ്ക് ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്‌തെന്നാണ് കേസ്.

364 ലാന്‍ഡ് ലൈനുകള്‍ക്ക് പുറമേ 10 പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകളെടുക്കുകയും ഒന്‍പതെണ്ണം സണ്‍ ടി.വി.ക്ക് നല്‍കുകയും ചെയ്തിരുന്നു. ഔദ്യോഗികമായി എടുത്ത മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ച് ഒട്ടേറെ കോളുകള്‍ ചെയ്തിരുന്നെങ്കിലും ബില്‍ തുക അടച്ചിരുന്നില്ല. സര്‍ക്കാരിന് 1.78 കോടി രൂപയുടെ നഷ്ടവും വരുത്തി.