സി.സി.ടി.വി സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുവാദം വേണമെന്ന് ഗവര്‍ണര്‍; ഉത്തരവ് പരസ്യമായി കീറിക്കളഞ്ഞ് കെജ്‌രിവാള്‍

single-img
30 July 2018

വീണ്ടും തമ്മിലടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാനും. സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഗവര്‍ണറുടെ റിപ്പോര്‍ട്ട് കെജ്‌രിവാള്‍ പരസ്യമായി കീറിക്കളഞ്ഞു. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനും അവ നിയന്ത്രിക്കുന്നതിനും സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി കീറിക്കളഞ്ഞത്.

റെസിഡന്‍സ് അസോസിയേഷനുകള്‍, മാര്‍ക്കറ്റ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയിലെ അംഗങ്ങളെ ഗാന്ധി സ്‌റ്റേഡിയത്തില്‍ വെച്ച് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കെജ്‌രിവാള്‍ കീറിക്കളഞ്ഞത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുന്നു. എന്നാല്‍ ലെഫ്. ഗവര്‍ണറോ ബി.ജെ.പി സര്‍ക്കാറോ അതിന് അനുവദിക്കുന്നില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു. തുടര്‍ന്ന് ഗവര്‍ണറുടെ സമിതി നല്‍കിയ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ജനങ്ങളെ വായിച്ചു കേള്‍പ്പിച്ചു.

ജനാധിപത്യ രാജ്യത്ത് പൊലീസ് ഭരണമല്ല, ജനങ്ങളുടെ നിയമമാണ് നടപ്പിലാക്കുക എന്ന് ലെഫ്. ഗവര്‍ണറെ ഓര്‍മിപ്പിക്കുകയാണ്. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് നമുക്ക് ലൈസന്‍സിന്റെ ആവശ്യമുണ്ടോ ഇല്ലെന്ന് നിങ്ങളെല്ലാവരും പറയുന്നു.

എങ്കില്‍ പിന്നെ ഈ റിപ്പോര്‍ട്ട് കൊണ്ട് നാം എന്തു ചെയ്യാനാണ് കീറിക്കളയുകയല്ലേ എന്നു ചോദിച്ചുകൊണ്ട് കെജ്‌രിവാള്‍ റിപ്പോര്‍ട്ട് കീറി വലിച്ചെറിഞ്ഞു. നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിലൂടെ ഡല്‍ഹിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പകുതിയായി കുറക്കാനാകുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.