ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കുതിക്കുന്നു; ‘ഓറഞ്ച് അലര്‍ട്ടി’ന് വെറും 0.3 അടിമാത്രം

single-img
30 July 2018

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394.28 ആയിരുന്ന ജലനിരപ്പ് ഇന്ന് രാവിലെയോടെ 2394.70 അടിയായി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നതിന് 0.30 അടി ജലം മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തുന്നതോടെ ഓറഞ്ച് അലര്‍ട്ട് കെ.എസ്.ഇ.ബി പുറപ്പെടുവിക്കും.

ജലനിരപ്പ് 2399 അടിയാകുമ്പോള്‍ അതീവജാഗ്രതാ നിര്‍ദേശവും (റെഡ് അലര്‍ട്ട്) നല്‍കും. പ്രീ മണ്‍സൂണ്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഏത് നിമിഷവും ഉയര്‍ത്തുവാനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നതിനുമുന്നോടിയായി ദേശീയ ദുരന്തനിവാരണസേന ഇന്നലെ രാത്രി ഇടുക്കിയിലെത്തി.

അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി നാളെ ട്രയല്‍ നടത്തും. പരീക്ഷണത്തിന്റെ ഭാഗമായി 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. തുടര്‍ന്ന് മഴയുടെയും വെള്ളത്തിന്റെയും ഗതി അനുസരിച്ച് ഘട്ടം ഘട്ടമായി ഡാം തുറക്കാനാണ് തീരുമാനം. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്.

വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവര്‍ത്തനത്തിനു തയാറായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ തീരസേനയുടെ ബോട്ടുകളും തയാറായിട്ടുണ്ട്. ഒരു സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയാല്‍ ഒരു മീറ്റര്‍ ക്യൂബ് ജലമാണ് പുറത്തേക്ക് ഒഴുകുക.

10 കിലോമീറ്ററുകള്‍ക്ക് അപ്പുറത്തു നിന്നും അനായാസം കേള്‍ക്കാനാവുന്നവിധം ശബ്ദമുഖരിതമാവും ഡാമിലെ ജല പ്രവാഹം. 26 വര്‍ഷം മുന്‍പ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നപ്പോഴുള്ള ആ ഓര്‍മ്മകള്‍ ഒരിക്കല്‍കൂടി പുതുക്കുവാനുള്ള ആകാംക്ഷയിലാണ് പ്രദേശവാസികള്‍.

അതേസമയം ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ ജലമുയരുന്ന മേഖലയിലുള്ളത് 400 വീടുകളാണെന്ന് റവന്യു അധികൃതര്‍ സര്‍വേ നടത്തി സ്ഥിരീകരിച്ചു. 1500ല്‍ ഏറെ അംഗങ്ങളാണ് ഈ വീടുകളിലുള്ളത്. ഇവര്‍ക്കു നോട്ടിസ് നല്‍കുന്ന നടപടികള്‍ ഇന്നു തുടങ്ങും. ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വില്ലേജ് അധികൃതരുടെയും നേതൃത്വത്തിലാണിത്. അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കേണ്ട ഏതാനും കുടുംബങ്ങളും പെരിയാര്‍ തീരത്ത് അധിവസിക്കുന്നുണ്ട്. ഇവരെ ഇന്നുതന്നെ ഇവിടങ്ങളില്‍നിന്നു മാറ്റി പാര്‍പ്പിക്കും.