ഹർത്താലിനോട് മുഖം തിരിച്ച് ജനങ്ങൾ

single-img
30 July 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിന്റെ ഹിന്ദു വിശ്വാസ വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് അയ്യപ്പ ധർമ്മസേന, ശ്രീരാമസേന, ഹനുമാൻസേന ഭാരത്, വിശാല വിശ്വകർമ്മ ഐക്യവേദി എന്നീ ഹിന്ദുസംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. ഒരിടത്തും ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്വകാര്യ, കെഎസ്ആർടിസി ബസുകൾ പതിവുപോലെ സർവീസുകൾ നടത്തുന്നുണ്ട്. എംജി സർവകലാശാല പരീക്ഷകൾക്കൊന്നും മാറ്റമില്ല. സംസ്ഥാനത്തെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

അതേസമയം ഹർത്താല്‍ ആഹ്വാനവുമായി തൃശൂരിലെ തിയേറ്ററുകളിൽ ഒരു സംഘം നോട്ടിസുകൾ വിതരണം ചെയ്തു. ഹർത്താൽ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് നോട്ടിസിലുള്ളത്. ഹൈന്ദവ സംഘടനാ വേദി കേരളം എന്ന പേരിലുള്ള നോട്ടിസുകളാണ് തൃശൂരിലെ വിവിധ സ്ഥാപനങ്ങളിലെത്തിയത്. സംഭവത്തിൽ തിയേറ്ററുടമ പൊലീസിൽ പരാതി നൽകി.

ആർ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകൾ ഹർത്താലിനെ പിന്തുണയ്ക്കുന്നില്ല. ഹർത്താൽ അനുകൂലികൾ ബലമായി കടകൾ അടപ്പിക്കുന്നതിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹർത്താൽ നേരിടാൻ പൊലീസ് എല്ലാ മുൻകരുതലുകളുമെടുത്തിട്ടുണ്ട്.