ഇന്ത്യന്‍ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു; തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു ലെഫ്. കേണല്‍

single-img
30 July 2018

സൈന്യത്തിന്റെ വടക്കുകിഴക്കന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് വിങ്ങിന്റെ ഒരു യൂണിറ്റ് നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളും കവര്‍ച്ചകളും തുറന്നു കാണിച്ചതിനാല്‍ തന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ അപകടത്തിലാണെന്ന് സൈനിക ഉദ്യോഗസ്ഥന്‍.

മണിപ്പൂരില്‍ നിയമനം ലഭിച്ച സൈനിക ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ ധരംവീര്‍ സിങ്ങാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്നിനു ധരംവീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടു വിവരങ്ങളൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ കോടതിയില്‍ ഹേബിയസ് കോര്‍പസ് നല്‍കി.

ഇതിന്മേല്‍ ധരംവീര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഈ സാഹചര്യത്തില്‍ കേസില്‍ ഓഗസ്റ്റ് ഒന്നിനു മുന്നോടിയായി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സൈന്യത്തോടു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ ഒന്നിനു രാവിലെ ഇംഫാലിലെ വീട്ടില്‍വച്ചായിരുന്നു ധരംവീറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അഞ്ചു ദിവസം വീട്ടുതടങ്കലിലായിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്നു ജൂലൈ അഞ്ചിന് ഇദ്ദേഹം മോചിതനായി. അറസ്റ്റ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പുതിയ ചുമതല നല്‍കുന്നതിന്റെ ഭാഗമായാണു ധരംവീറിനെ മാറ്റിയതെന്നുമാണു സൈന്യത്തിന്റെ വാദം.

ഇതില്‍ അസംതൃപ്തനായാണു സേനയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സൈനിക വക്താവ് പറയുന്നു. ധരംവീര്‍ നിലവില്‍ അവധിയിലാണ്. ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാതി നല്‍കിയതിന്റെ ഭാഗമായി തനിക്കു നേരെയുണ്ടായ പ്രതികാര നടപടിയാണ് അറസ്റ്റെന്നാണു ധരംവീര്‍ പറയുന്നത്.

2016 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇതിനാസ്പദമായ പരാതി നല്‍കിയത്. മണിപ്പൂരില്‍നിന്നുള്ള ചെറുപ്പക്കാരെ സിഐഎസ്‌യുവിലെ ഒരു പ്രത്യേക യൂണിറ്റ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതിനു കാരണക്കാരായവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാമെന്ന ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നു താന്‍ പിന്നീടു പരാതി പിന്‍വലിച്ചെന്നും ധരംവീര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി. സേനയുടെ സിഐഎസ്യുവിന്റെ ഒരു യൂണിറ്റിനെതിരെ മാത്രമാണു ധരംവീറിന്റെ ആരോപണം. 2010-11 കാലഘട്ടത്തില്‍ മൂന്നു വ്യാജ ഏറ്റുമുട്ടലുകളും ഒരു തട്ടിക്കൊണ്ടു പോകലും ഈ യൂണിറ്റ് നടത്തിയെന്നാണു പരാതി.