അസമില്‍ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രകാശനം ചെയ്തു; 40 ലക്ഷംപേര്‍ പുറത്ത്; ജനങ്ങള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി മാറുന്നത് ആശങ്കപ്പെടുത്തുന്നതായി മമത ബാനര്‍ജി

single-img
30 July 2018

കനത്ത സുരക്ഷയില്‍ അസമില്‍ പൗരത്വ രജിസ്റ്ററിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ കരട് പ്രകാശനം ചെയ്തു. 3.29 കോടി ജനങ്ങളില്‍ 2.9 കോടിപ്പേരും ഇന്ത്യന്‍ ജനങ്ങളാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 40 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്.

പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 28 വരെ സമര്‍പ്പിക്കാം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. പുറത്തുവിട്ട വിരങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ പേരും ഫോട്ടോയും മേല്‍വിലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ നിന്നും പുറത്തുപോയവര്‍ക്ക് പൗരത്വം തെളിയിക്കുന്നതിന് വീണ്ടും അവസരം നല്‍കും.

ഇവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയതിനുശേഷമാണ് അന്തിമ റിപ്പോര്‍ട്ട് പുറത്തുവിടുക. ഈ പട്ടികയുടെ അടിസ്ഥാനത്തില്‍ ആരെയും നാടുകടത്തുകയോ ശിക്ഷിക്കുകയോ ചെയ്യില്ല എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2017 ഡിസംബര്‍ 31 നായിരുന്നു ആദ്യ പട്ടിക പുറത്തുവിട്ടത്.

എന്നാല്‍ ഇതില്‍ 1.9 കോടി ജനങ്ങള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്നത്. പിന്നീട് പൗരത്വം തെളിയിക്കുന്നതിനുള്ള അവസരം നല്‍കുകയും അവരെകൂടി ഉള്‍പ്പെടുത്തി ഇന്ന് രണ്ടാം കരട് റിപ്പോര്‍ട്ട് പുറത്തുവിടുകയും ചെയ്തു. ബംഗ്ലാദേശ് പൗരത്വവുമായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാനും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുമാണ് സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ അസമില്‍ താമസിക്കുന്നവരുടെ ഇന്ത്യന്‍ പൗരത്വ രജിസ്‌ട്രേഷന്‍ നടപടി ആരംഭിച്ചത്. 1971 മാര്‍ച്ച് 25 ന് മുന്‍പ് അസമില്‍ താമസിക്കുന്ന പൗരന്മാര്‍ക്കാണ് പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം.

അതേസമയം എന്‍ആര്‍സി അവസാനത്തെ കരട് പട്ടിക പുറത്തുവിട്ടതിനു പിന്നാലെ അതിരൂക്ഷ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ രീതിയുടെ പുനഃരാവര്‍ത്തനമാണ് നടപ്പാക്കുന്നതെന്നു പറഞ്ഞ മമത ജനങ്ങളെ ഒറ്റപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

സ്വന്തം രാജ്യത്ത് അഭയാര്‍ഥികളാകേണ്ടി വരുന്ന അവസ്ഥയാണ് ഇത്രയും ജനങ്ങള്‍ക്കു മുന്നില്‍ സംജാതമായിരിക്കുന്നതെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടി പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് താന്‍ ആവശ്യപ്പെടുമെന്നും മമത പറഞ്ഞു.