പാലക്കാട് വടക്കഞ്ചേരിയില്‍ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷം; എട്ട് പേര്‍ക്ക് വെട്ടേറ്റു

single-img
29 July 2018

സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. വണ്ടാഴി പഞ്ചായത്തോഫീസിന് സമീപം കാരാത്തുപറമ്പ് കോളനിയിലെ കേശവന്‍ (54), സഹോദരന്‍ മുത്തു (60), മുത്തുവിന്റെ ഭാര്യ പാറു (55), കേശവന്റെ മകന്‍ ഷിജു (26), മുത്തുവിന്റെ മകന്‍ രാധാകൃഷ്ണന്‍ (30), കേശവന്റെ സഹോദരപുത്രന്മാരായ പ്രകാശന്‍ (28), പ്രഭാകരന്‍ (29), കേശവന്റെ ഭാര്യ സരസ്വതി (50) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കേശവനും പ്രകാശനും തമ്മില്‍ വെള്ളിയാഴ്ച വൈകീട്ട് കുടുംബസ്വത്ത് സംബന്ധിച്ച് തര്‍ക്കം നടന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതിലുള്ള വിരോധത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ കേശവന്‍ പാല്‍ കൊണ്ടുപോകുമ്പോള്‍ പ്രകാശനും പ്രഭാകരനും വെട്ടുകത്തിയും കമ്പിവടിയുമായി ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

നിലവിളികേട്ട് സംഭവംതടയാനെത്തിയ മറ്റുള്ളവര്‍ക്കും വെട്ടേറ്റു. ഓടിയെത്തിയവരുടെ തിരിച്ചുള്ള ആക്രമണത്തിലാണ് പ്രകാശനും പ്രഭാകരനും വെട്ടേറ്റത്. കേശവനും ഷിജുവിനും സാരമായി പരിക്കേറ്റു. എല്ലാവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി പോലീസ് കേസെടുത്തു.