യു.പിയിലെ പോലീസുകാര്‍ ഇങ്ങനെയാണ്!: മുഖ്യമന്ത്രിക്കു മുന്നില്‍ യൂണിഫോമില്‍ മുട്ടുകുത്തി തൊഴുതിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വിവാദമാകുന്നു

single-img
29 July 2018

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്ന് അനുഗ്രഹം തേടുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വിവാദമാകുന്നു. ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍വച്ച് യൂണിഫോമിലെത്തി യോഗിയില്‍ നിന്ന് അനുഗ്രഹം തേടുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങളാണ് വിവാദത്തിലാകുന്നത്.

ഗോരഖ്‌നാഥ് സര്‍ക്കിള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കുമാര്‍ സിംഗാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ മുഖ്യമന്ത്രിക്ക് മുമ്പില്‍ മുട്ടുകുത്തി ഇരുന്ന് കൈകൂപ്പി അനുഗ്രഹം തേടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ആദിത്യനാഥിന്റെ നെറ്റിയില്‍ ചന്ദനം തൊടുന്നതും ഹാരം ചാര്‍ത്തുന്നതുമായ ചിത്രങ്ങളും പ്രവീണ്‍ കുമാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഗുരു പൂര്‍ണിമയുടെ ഭാഗമായി യോഗി ആദിത്യനാഥില്‍ നിന്ന് അനുഗ്രഹം തേടുന്നു. മുഖ്യമന്ത്രിയുടെ അധികാരത്തിലല്ല, പക്ഷേ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ പൂജാരിയെന്ന നിലയിലാണ് ‘ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

‘ഫീലിംഗ് ബ്ലെസ്ഡ്’ എന്ന തലക്കെട്ടോടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. പോലീസ് വേഷത്തില്‍ ഇയാള്‍ ചെയ്ത പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധിപേര്‍ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. അതോടെ വിശദീകരണവുമായി പ്രവീണ്‍തന്നെ രംഗത്തെത്തി. ജോലി പൂര്‍ത്തിയാക്കിയതിനുശേഷമായിരുന്നു ഗുരുപൂര്‍ണിമ ആചരിച്ചതെന്നാണു വിശദീകരണം.

‘സുരക്ഷയ്ക്കായാണു ഞാന്‍ ക്ഷേത്രത്തിലെത്തിയത്. ജോലി പൂര്‍ത്തിയാക്കിയതിനുശേഷമാണു ഭക്തര്‍ അനുഗ്രഹം വാങ്ങുന്ന സ്ഥലത്തെത്തിയത്. ബെല്‍റ്റും തൊപ്പിയും മാറ്റിയ ശേഷം തല ഒരു തൂവാല കൊണ്ടു മൂടിയാണു പീഠാധീശ്വര്‍ മഹന്ത് യോഗി ആദിത്യനാഥില്‍നിന്നു ഞാന്‍ അനുഗ്രഹം വാങ്ങിയത് ‘ പ്രവീണ്‍ പറഞ്ഞു.

ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ദസറയ്ക്കും ഗുരുപൂര്‍ണിമയ്ക്കും യോഗിയെ ഒരു ഗുരുവിനെപ്പോലെയാണ് കാണുന്നതെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഇത്തരം കാര്യങ്ങളില്‍ എന്തു ചെയ്യാം എന്തുപാടില്ലായെന്ന് പോലീസ് ചട്ടങ്ങളില്‍ വ്യക്തമായി പറയുന്നില്ലെന്നായിരുന്നു സിവില്‍ ഡിഫന്‍സ് ഐ.ജി. അമിതാഭ് ഠാക്കൂറിന്റെ പ്രതികരണം. എന്നാല്‍, പോലീസുദ്യോഗസ്ഥന്‍ യൂണിഫോമിന്റെ മഹിമ കാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.