മോദിയുടെ സുഹൃത്തിന് നികുതിദായകര്‍ അടുത്ത 50 വര്‍ഷം 1 ലക്ഷം കോടി നല്‍കണം; റഫാലില്‍ മോദിയെ പരിഹസിച്ച് രാഹുല്‍

single-img
29 July 2018

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രിയുടെ സുഹൃത്തിന് നമ്മുടെ രാജ്യത്തെ നികുതിദായകര്‍ അടുത്ത അന്‍പത് വര്‍ഷം ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ട അവസ്ഥയാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രാജ്യം വാങ്ങുന്ന 36 റഫാല്‍ വിമാനങ്ങള്‍ക്കു വേണ്ടിയായിരിക്കും ഇത്രയും തുക നികുതി ദായകര്‍ നല്‍കേണ്ടിവരികയെന്നും രാഹുല്‍ വ്യക്തമാക്കി. ‘മിസ്റ്റര്‍ 56 ന്റെ സുഹൃത്ത്’ എന്നാണ് മോദിയെ പരിഹസിച്ച് രാഹുല്‍ ട്വിറ്ററില്‍ ഉപയോഗിച്ച വാക്ക്. റഫാല്‍ കരാറിലൂടെ നരേന്ദ്രമോദിയുടെ സുഹൃത്ത് 1.30 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കിയെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

മോദിയും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും രാജ്യത്തോട് കള്ളം പറയുന്നെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. യുപിഎ സര്‍ക്കാരിന്റെ കാലത്തു പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎല്‍) ഉണ്ടാക്കിയ കരാര്‍ റദ്ദാക്കിയ മോദി സര്‍ക്കാര്‍, ഒരു വിമാനം പോലും നിര്‍മിച്ചു പരിചയമില്ലാത്ത കമ്പനിക്കു രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിരോധ കരാര്‍ നല്‍കിയെന്നു പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും ആരോപിച്ചിരുന്നു. ഇടപാടിന്റെ തുകയെക്കുറിച്ചു സര്‍ക്കാര്‍ മൗനംപാലിക്കുമ്പോഴും അത് 60,000 കോടി രൂപയുടേതാണെന്നു കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.