ഇടുക്കിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ ‘ഓറഞ്ച് അലര്‍ട്ട്’ ജാഗ്രതാനിര്‍ദേശം നല്‍കും, കണ്‍ട്രോള്‍ റൂം രാത്രി തുറക്കും; ’12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചു’

single-img
29 July 2018

നീരൊഴുക്ക് ശക്തമായി തുടരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394 അടിയായി ഉയര്‍ന്നു. 2393.08 അടിയായിരുന്നു ഇന്നലെ ജലനിരപ്പ്. പദ്ധതി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമാണ്. ഇത് തുടര്‍ന്നാല്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറക്കും.

അതേ സമയം ഇടുക്കി അണക്കെട്ട് തുറന്നാല്‍ 12 ദുരിതാശ്വാസ ക്യാംപുകളിലേക്കു ആളുകളെ മാറ്റാന്‍ തീരുമാനം. അണക്കെട്ട് കാണാനെത്തുന്ന ആളുകളെ നിയന്ത്രിക്കാനും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2394 അടിയായി. ഇന്നു രാത്രി മുതല്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനമാരംഭിക്കും.

ഇടുക്കി ഡാമിലെ സംഭരണ ശേഷി 2403 ആണെങ്കിലും 2400 അടി വരെ എത്താന്‍ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി എം.എം. മണി നിര്‍ദ്ദേശിച്ചു. ജലനിരപ്പ് 2395 ആകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. ഡാം തുറക്കുന്നത് പകല്‍ സമയത്ത് ആയിരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുന്‍പു ചെറുതോണി അണക്കെട്ടു തുറന്നതു 1992ല്‍ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയര്‍ത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും.

ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകള്‍ തടഞ്ഞുനിര്‍ത്തുന്ന വെള്ളം ഏകദേശം 60 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തായി വ്യാപിച്ചുകിടക്കുന്നു. 2200 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഇവിടെ സംഭരിക്കാം. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 88.36% വെള്ളം ഇപ്പോഴുണ്ട്.

36.54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം ഇന്നലെ അണക്കെട്ടില്‍ ഒഴുകിയെത്തി. ഈ വെള്ളം തുരങ്കങ്ങളിലൂടെ മൂലമറ്റം വൈദ്യുത നിലയത്തിലേക്കാണ് എത്തുന്നത്. പ്രതിദിനം 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. മൂലമറ്റം വൈദ്യുത നിലയത്തില്‍ 14.703 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു.

അതേസമയം ജനവാസമുള്ള പെരിയാര്‍ തീരത്ത് പൊലീസ്, ഫയര്‍ ഫോഴ്‌സ്, കെ.എസ്.ഇ.ബി, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഒരുക്കണം. വേണ്ട സ്ഥലങ്ങളില്‍ വെളിച്ചം ഏര്‍പ്പെടുത്തണം.

മരങ്ങള്‍ കടപുഴകിയാല്‍ ഉടന്‍ മുറിച്ചു മാറ്റുന്നതിന് പ്രദേശവാസികളെയും ടീമില്‍ ചേര്‍ക്കണം. പെരിയാറിന്റെ താഴ്ന്ന ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കം നടപടിള്‍ സ്വീകരിക്കണം. ഇത്തരം കാര്യങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് ആവശ്യത്തിന് പണം ചെലവഴിക്കാമെന്നും മന്ത്രി പറഞ്ഞു.