ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഒരാള്‍ കൂടി പിടിയില്‍; കൂടുതല്‍ പേര്‍ കുടുങ്ങും

single-img
29 July 2018

കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി.

നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ് എന്ന യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥിനിയെ അധിക്ഷേപിക്കുന്ന പ്രചാരണത്തില്‍ പങ്കാളികളായ പത്തു സൈബര്‍ കുറ്റവാളികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വസ്തുത മറച്ചുവച്ചു ഹനാനെ വളരെ മോശമായ ഭാഷയില്‍ അപമാനിച്ചവരെയാണു പൊലീസ് ആദ്യഘട്ടത്തില്‍ നോട്ടമിടുന്നത്.

ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനാണു ഹനാനെ അപമാനിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ തനിക്കു കൈമാറിയതെന്നു നൂറുദീന്‍ മൊഴി നല്‍കി. അതുവരെ ഹനാനെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. ഹനാന്‍ അഭിനയിക്കാന്‍ പോവുന്ന സിനിമയുടെ പ്രചാരണത്തിനു വേണ്ടിയാണു തമ്മനം മാര്‍ക്കറ്റില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കാന്‍ എത്തിയതെന്നു പറഞ്ഞു വിശ്വസിപ്പിച്ചതും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനാണെന്നാണു നൂറുദീന്റെ നിലപാട്.

ഇയാളുടെ മൊഴികള്‍ പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. സംഭവത്തില്‍ നൂറുദീന്‍ ഷെയ്ഖിനെതിരെ സൈബര്‍ നിയമപ്രകാരം പൊലീസ് കേസെടുത്തതോടെ സൈബര്‍ കുറ്റവാളികളില്‍ പലരും അവര്‍ പ്രചരിപ്പിച്ച അപകീര്‍ത്തി പോസ്റ്റുകള്‍ പിന്‍വലിച്ചു.

എന്നാല്‍, ഇത്തരക്കാര്‍ നടത്തിയ ദുഷ്പ്രചാരണത്തിന്റെ തെളിവുകള്‍ വനിതാ കമ്മിഷന്‍ ശേഖരിച്ചിട്ടുണ്ടെന്നും അതു പൊലീസിനു കൈമാറാന്‍ തയാറാണെന്നും കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു. ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.