ഹനാന് സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു

single-img
29 July 2018

മത്സ്യവില്‍പന നടത്തി ഉപജീവന മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് സ്വന്തമായി വീടെന്ന സ്വപ്നം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിലൂടെ യാഥാര്‍ത്ഥ്യമാകുന്നു. ഹനാന് സ്വന്തമായി വീട് വെക്കാന്‍ കുവൈറ്റ് പ്രവാസി മലയാളിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ തൊടുപുഴ സ്വദേശി ജോയ് മുണ്ടക്കാടന്‍ അഞ്ച് സെന്റ് ഭൂമി നല്‍കും.

ഹനാനെ സംരക്ഷിക്കേണ്ടത് മലയാളി സമൂഹത്തിന്റെ ബാധ്യതയാണെന്നും ഹനാന് സ്വന്തമായി ഒരു വീട് നിര്‍മ്മിക്കാന്‍ സഹായിക്കണം എന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഇതെന്നും ജോയ് മുണ്ടക്കാടന്‍ പറഞ്ഞു.

അന്ത്യാളത്താണ് ഭൂമി സൗജന്യമായി നല്‍കുക. ഹനാന്‍ പഠിക്കുന്ന അല്‍ ഹസര്‍ കോളേജില്‍ പോയിവരാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് തൊടുപുഴയോടടുത്ത അന്ത്യാളത്ത് ഭൂമി നല്‍കുന്നതെന്ന് ജോയ് മുണ്ടക്കാടന്‍ പറഞ്ഞു. ഈ ഭൂമിയില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ കുവൈറ്റിലെ തന്നെ ബൗബിയാന്‍ ഇന്‍ഡസ്ട്രി ഫോര്‍ ഗെയ്‌സസ് തയ്യാറായതായി രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും വീട് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദ്ധാനം നല്‍കിയിട്ടുണ്ട്.

അതിനിടെ ഹനാനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥന്‍ എന്നായാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെയ്‌സ്ബുക്കില്‍ ഹനാനെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിനാണ് ഇയാളെ ക്സ്റ്റഡിയിലെടുത്തിരിക്കുന്നത്.

വിശ്വന്‍ ചെറായി എന്ന പേരിലാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടായേക്കുമെന്നാണ് സൂചനകള്‍. ഹനാനെ അധിക്ഷേപിച്ച് ആദ്യമായി ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി പോലീസ് പിടികൂടി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

ഇയാളാണ് ഹനാന്‍ മീന്‍കച്ചവടം നടത്തുന്നത് സിനിമാ പ്രമോഷന് വേണ്ടിയാണെന്നും മറ്റുമുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിവച്ചത്്. അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത നൂറുദ്ദീന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്റെ നിര്‍ദേശ പ്രകാരമാണ് ഇപ്രകാരം ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നു.

ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.