ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത മോദിയുടെ ഡല്‍ഹി എക്‌സ്പ്രസ് വേ വെള്ളത്തിലായി

single-img
29 July 2018

https://www.youtube.com/watch?time_continue=6&v=I_cLfCQoxjo

ഉത്തരേന്ത്യയില്‍ മഴ കനത്തതോടെ ഏറെ കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി മീററ്റ് എക്‌സ്പ്രസ്‌വേയും വെള്ളത്തിലായി. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കെട്ടി നില്‍ക്കുന്ന ഫ്‌ലൈ ഓവറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്.

തറ നിരത്തില്‍ നിന്നും വളരെ ഉയരത്തിലുള്ള എക്‌സ്പ്രസ്‌വേയിലെ വെള്ളപ്പൊക്കത്തെ അദ്ഭുത പ്രതിഭാസം എന്നാണ് സോഷ്യല്‍ ലോകത്ത് ആളുകള്‍ വിശേഷിപ്പിക്കുന്നത്. കാറുകളുടെ ബോണറ്റ് ലെവല്‍ വരെ വെള്ളത്തില്‍ മുങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വെള്ളം ഒഴുകി പോകാനുള്ള ഡ്രൈനേജ് സംവിധാനങ്ങളുടെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 7500 കോടി രൂപയുടെ പദ്ധതിയായ ഡല്‍ഹി –മീററ്റ് എക്‌സ്പ്രസ് ഹൈവേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

അതിനിടെ ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 64 ആയി. 54 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. നാല് ദിവസങ്ങളായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. വാരണാസി, മിര്‍സാപൂര്‍, ഗാസിപൂര്‍, തുടങ്ങി വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഇതിന് പുറമെ സംസ്ഥാനത്തെ നദികളുടെ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

മഴക്കെടുതിയില്‍ പരുക്കേറ്റവര്‍ക്ക് സൗജ്യന്യ ചികിത്സ ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 59100 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്.