ഇസ്രയേലിനെതിരെയുള്ള പാലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ പെണ്‍പ്രതീകം അഹദ് തമീമി ജയില്‍ മോചിതയായി

single-img
29 July 2018

ഇസ്രയേല്‍ അധിനിവേശത്തിനെതിരെയുള്ള പലസ്തീന്‍ ചെറുത്തുനില്‍പിന്റെ യുവപ്രതീകമായി കണക്കാക്കപ്പെടുന്ന അഹദ് തമീമി ജയില്‍മോചിതയായി. വെസ്റ്റ്ബാങ്കിലെ തന്റെ വീടിനു സമീപം നിന്ന ആയുധമേന്തിയ രണ്ട് ഇസ്രയേല്‍ സൈനികരുടെ മുഖത്തടിച്ചു പ്രതിഷേധം പ്രകടിപ്പിച്ചതിനാണ് ഈ പതിനേഴുകാരിക്കു തടവുശിക്ഷ വിധിച്ചത്.

ശിക്ഷ പൂര്‍ത്തിയാക്കിയ അഹദിനെയും അമ്മയെയും ഇസ്രയേല്‍ ജയിലില്‍നിന്ന് വെസ്റ്റ്ബാങ്കിലേക്ക് എത്തിച്ചു. കല്ലേറ് നടത്തിയവര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ റബര്‍ ബുള്ളറ്റ് വെടിവയ്പില്‍ പതിനഞ്ചുകാരനായ ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് തമീമി സൈനികരുടെ മുഖത്തടിച്ചത്.

ഡിസംബര്‍ 19ന് തമീമിക്ക് 16 വയസുള്ളപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ നടപടിയെ ക്രിമിനല്‍ കുറ്റകൃത്യമായാണ് സൈനിക കോടതി വിലയിരുത്തിയത്. തുടര്‍ന്ന് എട്ടു മാസത്തെ തടവുശിക്ഷയ്ക്കും വിധിച്ചു. തമീമിയുടെ അമ്മയും ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ട് മാസം മുമ്പ് ഇവര്‍ മോചിതയായിരുന്നു.

കുടുംബത്തിന്റെ നിര്‍ദേശ പ്രകാരം പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഹദ് പ്രവര്‍ത്തിച്ചതെന്നായിരുന്നു ഇസ്രയേലിന്റെ ആരോപണം. നേരത്തേയും അഹദ് ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടിയതിന്റെ ചിത്രങ്ങളും സൈന്യം കോടതിയിലെത്തിച്ചു. ഇസ്രയേല്‍ സൈന്യത്തിനു നേരെ കല്ലെറിയുന്ന പലസ്തീനികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ അഹദ് മര്‍ദിക്കുകയായിരുന്നെന്നായിരുന്നു സൈന്യത്തിന്റെ വാദം.