കരുണാനിധിയുടെ ആരോഗ്യ നിലയില്‍ ആശങ്ക

single-img
28 July 2018

ചെന്നൈ: മുന്‍ തമി‍ഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യ നിലയില്‍ ആശങ്ക. ആരോഗ്യസ്ഥിതി വീണ്ടും മോശമായതിനെത്തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി.

അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തസമ്മര്‍ദം കുറഞ്ഞതുകൊണ്ടാണ് കരുണാനിധിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് എ.രാജ അറിയിച്ചു. ഇപ്പോള്‍ രക്തസമ്മര്‍ദം സാധാരണനിലയിലായെന്നും അണികള്‍ സംയമനം പാലിക്കണമെന്നും രാജ പറഞ്ഞു.

ചെന്നൈ ​ഗോപാലപുരത്തെ വസതിയില്‍ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന കരുണാനിധിയുടെ ആരോ​ഗ്യനില ഇന്നലെ രാത്രിയോടെയാണ് മോശമായത്. അര്‍ധരാത്രിയോടെ കാവേരി ആശുപത്രിയില്‍ നിന്നും ഡോക്ടറുമാരുടെ സംഘം കരുണാനിധിയെ പരിശോധിക്കാനെത്തി. തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിം​ഗ് പ്രസിഡന്റുമായ മകന്‍ എം.കെ.സ്റ്റാലിന്‍, സഹോദരനും മുന്‍കേന്ദ്രമന്ത്രിയുമായ എം.കെ.അഴ​ഗിരി, രാജ്യസഭാ എംപിയും ഇവരുടെ സഹോദരിയുമായ കനിമൊഴി ഡിഎംകെയുടെ മറ്റു ഉന്നതനേതാക്കളും കരുണാനിധിയുടെ വസതിയിലെത്തിയതോടെ അദ്ദേഹത്തിന്റെ ആരോ​ഗ്യനിലയെക്കുറിച്ച്‌ പലതരം അഭ്യൂഹങ്ങളും പരക്കാന്‍ ആരംഭിച്ചു.കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അല്‍വാര്‍പേട്ടയിലെ കാവേരി ആശുപത്രി പുലര്‍ച്ചെ 2.30ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളനില്‍ വ്യക്തമാക്കിയിരുന്നു.

ഡി എം കെയുടെ തലപ്പത്ത് കരുണാനിധിയെത്തിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു അണികളെ ആശങ്കയിലാഴ്ത്തി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.