ഹനാന് മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം

single-img
28 July 2018

കൊച്ചി: തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് മൂന്ന് സിനിമകളിലേക്ക് കൂടി ക്ഷണം ലഭിച്ചു.രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ആണ് ഹനാന് ക്ഷണം വന്നിരിക്കുന്നത്.ഇതിന് പുറമെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്.

ഹാനാന്റെ ജീവിതം വായിച്ചറിഞ്ഞ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ആദ്യ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നത്.

അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഹനാന്‍. തന്നെ സംരക്ഷിക്കാന്‍ ഇപ്പോള്‍ എന്റെ കോളേജും ഹോസ്റ്റിപ്പിറ്റലും സര്‍ക്കാരുമുണ്ടെന്നും കൂടുതല്‍ ആളുകള്‍ തന്നെ മനസ്സിലാക്കിയെന്നും ഹനാന്‍ പറഞ്ഞു. നൂറുദ്ധീന്‍ ഷെയ്ഖിന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസാരിക്കുകയായിരുന്നു ഹനാന്‍.

ഇന്ന് രാവിലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച നൂറുദ്ധീന്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നൂറുദ്ധീന്‍ ഷെയ്ഖിനെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമത്തില്‍ ഹനാനെതിരെയുളള പ്രചരണത്തിന് തുടക്കമിട്ടത് നൂറുദ്ധീന്‍ ആയിരുന്നു.

ഇയാളുടെ വീഡിയോയ്ക്കുതാഴെ മോശം കമന്റ് ഇട്ടവര്‍ക്കെതിരെയും വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.