‘ക്വീന്‍’ മലയാളത്തിലെത്തുന്നു; കങ്കണ റണാവത്തിന്റെ വേഷം മഞ്ജിമ ചെയ്യും

single-img
27 July 2018

കങ്കണ റണാവത്ത് തകര്‍ത്ത് അഭിനയിച്ച ഹിന്ദി ചിത്രം ‘ക്വീന്‍ ‘ തെന്നിന്ത്യയിലെ വിവിധഭാഷകളില്‍ ഉടനെത്തും. മലയാള പതിപ്പിന്റെ പേര് സംസം എന്നാണ്. മഞ്ജിമയാണ് നായിക. തമിഴ് റീമേയ്ക്ക് ആയ പാരിസ് പാരിസില്‍ കാജല്‍ അഗര്‍വാള്‍ നായികയാകും.

തെലുങ്ക് പതിപ്പില്‍ തമന്ന ഭാട്ടിയ വേഷമിടുമ്പോള്‍ കന്നടയില്‍ പരുള്‍ യാദവ് നായികയാകുന്നു. ഒക്ടോബറോടെ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തും. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കങ്കണയ്ക്ക് നേടിക്കൊടുത്ത ‘ക്വീന്‍ ‘ റാണി മെഹ്‌റ എന്ന പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.

പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും അവിടെ മറ്റൊരാളായി ജീവിച്ച് തിരിച്ചെത്തുന്നതുമാണ് സിനിമയുടെ പ്രമേയം. മലയാളം പതിപ്പ് സംവിധാനം ചെയ്യുന്നത് തെലുഗു സംവിധായകനും തിരക്കഥാകൃത്തുമായ നീലകണ്ഠയാണ്. തമിഴും കന്നടയും രമേഷ് അരവിന്ദ് സംവിധാനം ചെയ്യും.

പ്രശാന്ത് വര്‍മയാണ് തെലുഗു ചിത്രം സംവിധാനം ചെയ്യുന്നത്. നാല് പതിപ്പുകളും ഒരേ സമയത്താണ് ചിത്രീകരിച്ചത്. യൂറോപ്പാണ് പ്രധാന ലൊക്കേഷന്‍. ലൊക്കേഷനില്‍ നടിമാര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹിന്ദിയില്‍ രാജ്കുമാര്‍ റാവു കൈകാര്യം ചെയ്ത പ്രതിശ്രുത വരന്റെ വേഷം മലയാളത്തില്‍ സണ്ണി വെയ്‌നാണ് അവതരിപ്പിക്കുന്നത്.