കുമ്പസാര വിഷയത്തില്‍ ദേശീയ വനിത കമ്മീഷന്റെ നിലപാട് തള്ളി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

single-img
27 July 2018

കുമ്പസാര വിഷയത്തില്‍ ദേശീയ വനിത കമ്മീഷന്റെ നിലപാട് തള്ളി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്റെ നിലപാട് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് അല്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

കുമ്പസാരം നിരോധിക്കണം എന്നത് രേഖാ ശര്‍മയുടെ വ്യക്തിപരമായ അഭിപ്രായം ആണ്. മത വിശ്വാസങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കലും ഇടപെടില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. കുമ്പസാരം സ്ത്രീകളെ ബ്ലാക്‌മെയില്‍ ചെയ്യിക്കാനുള്ളതാണെന്നും ഈ സമ്പ്രദായം നിറുത്തലാക്കണമെന്നും ദേശീയ വനിതാകമ്മിഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, വനിതാ കമ്മിഷന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു. കമ്മിഷന്റെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണ്.

ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നും കമ്മിഷന്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു. വനിതാ കമ്മിഷന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ ക്രിസ്തീയ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ക്രിസ്തീയ സംഘടനകളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ക്രിസ്തീയ സംഘടനകള്‍ ആരോപിക്കുന്നു.