പാകിസ്താന്‍ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്ത്

single-img
27 July 2018

ഇസ്ലാമാബാദ്: പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ രാജ്യം ഭരിക്കണമെങ്കില്‍ ഇമ്രാന്‍ ഖാന് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കേണ്ടി വരും.

സാവധാനം നടന്ന വോട്ടെണ്ണലില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക്ക് ഇ ഇന്‍സാഫിന് (പി.ടി.ഐ) 269ല്‍ 109 സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. രണ്ടാമതെത്തിയ ഷഹബാസ് ഷരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗിന് 63 സീറ്റ് മാത്രമാണ് നേടാനായത്.

മൂന്നാം സ്ഥാനത്ത് എത്തിയ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 39 സീറ്റാണ് ലഭിച്ചത്. 20 സീറ്റുകളുടെ ഫലം പുറത്തുവരാനുണ്ട്. ബുധനാഴ്ച ഇമ്രാന്‍ ഖാന്‍ തന്റെ വിജയം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന എതിരാളികളുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ ഇന്നേവരെയുള്ള ചരിത്രത്തിലെ ഏറ്റവും സുതാര്യമായ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കഴിഞ്ഞതെന്നും അവകാശപ്പെട്ടു.

270 പാര്‍ലമെന്റ് സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരുകളിലെ 577 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 272 സീറ്റില്‍ എന്‍.എ.60, 108 എന്നീ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്, കമ്മിഷന്‍ നീട്ടിവെച്ചിരുന്നു.137 സീറ്റുകളാണ് കേവലഭൂരിപക്ഷം നേടാന്‍ വേണ്ടത്