ഒന്നു മനസുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയാകാം; പക്ഷേ താല്‍പര്യമില്ലെന്ന് ഹേമമാലിനി

single-img
27 July 2018

ജയ്പൂര്‍: താന്‍ മനസുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാകാമെന്നും എന്നാല്‍ അതിന് താല്‍പര്യമില്ലെന്നും ബോളിവുഡ് നടിയും എം.പിയുമായ ഹേമമാലിനി. തന്റെ വ്യക്തിപരമായ ചില ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുമെന്നതിനാലാണ് മുഖ്യമന്ത്രിക്കസേരയോട് പ്രിയമില്ലാത്തതെന്ന് ഹേമ പറഞ്ഞു.

രാജസ്ഥാനിലെ ബന്‍സ്‌വാഡയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹേമമാലിനി. നടിയെന്ന നിലയിലാണു താന്‍ ഏറെ അറിയപ്പെട്ടത്. എംപിയായതും അതുമൂലമാണ്. എംപിയാകും മുന്‍പും ബിജെപിക്കുവേണ്ടി ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

നിയോജക മണ്ഡലമായ മഥുരയില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തനിക്കായി. റോഡ് വികസനം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്’ ഹേമ പറഞ്ഞു. ചിലര്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും നരേന്ദ്ര മോദിയെ പോലെ മറ്റൊരു പ്രധാനമന്ത്രിയെ കിട്ടാന്‍ പ്രയാസമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

2003 ലാണ് ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന ഹേമ ആദ്യമായി രാജ്യസഭാംഗമാവുന്നത്. 2004 ല്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. 2010 ല്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ആവുകയും 2014 ല്‍ ലോകസഭാംഗമാവുകയും ചെയ്തു.