സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചവരെല്ലാം കുടുങ്ങും; മുഴുവന്‍ പേര്‍ക്കെതിരെയും കേസ്

single-img
27 July 2018

തിരുവനന്തപുരം: മീന്‍വില്‍പനയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കോളേജ് വിദ്യാര്‍ഥിനി ഹനാനെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ച മുഴുവന്‍പേര്‍ക്കെതിരെയും കേസെടുക്കും. വൈകിട്ടോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

കൊച്ചി പാലാരിവട്ടം പൊലീസിനാണ് അന്വേഷണ ചുമതല. സോഷ്യല്‍ മീഡിയ വഴിയുള്ള അപവാദ പ്രചരണത്തിന് വ്യക്തമായ തെളിവുള്ളതിനാല്‍ കൂടുതല്‍ പേര്‍ കേസില്‍ കുടുങ്ങുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന ചുമതല. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്‌സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പൊലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയും.

കഴിഞ്ഞ ദിവസം മുതല്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന ചിലരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും വിവരമുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വാട്‌സ്ആപ് ഗ്രൂപ്പുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗൂഢലക്ഷ്യത്തോടെ ഹനാനെതിരെ വലിയ തോതില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെയായിരിക്കും കേസെടുക്കുകയെന്ന് പാലാരിവട്ടം എസ്‌ഐ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ഹനാനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നത്. സംവിധായകന്‍ അരുണ്‍ ഗോപിയുടെ സിനിമയുടെ പ്രചാരണ നാടകമായിരുന്നു ഹനാന്റേതെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. ആദ്യ ഘട്ടത്തില്‍ മലയാളികളുടെ നന്മ മുതലെടുത്ത് പറ്റിച്ചുവെന്ന തരത്തില്‍ തുടങ്ങിയ സൈബര്‍ ആക്രമണം പിന്നീട് അശ്ലീല പോസ്റ്റുകളിലേക്കും ക്രൂരമായ ട്രോളുകളിലേക്കും നീണ്ടു.

എന്നാല്‍ തനിക്കാരുടേയും സഹായം വേണ്ടെന്നും ജീവിക്കാന്‍ വിടണമെന്നും പെണ്‍കുട്ടി കരഞ്ഞ് പറഞ്ഞതോടെ ഒരു വിഭാഗം പേര്‍ പിന്‍വാങ്ങിയെങ്കിലും മറ്റൊരു കൂട്ടര്‍ ഇപ്പോഴും നിര്‍ബാധം ആക്രമണം തുടരുകയാണ്. ഇതിനിടയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകന് നേരെയും ഇക്കൂട്ടരുടെ ആക്രമണം നീണ്ടു.

എന്നാല്‍ ഇന്ന് വിഷയത്തില്‍ ഇടപെട്ട സംസ്ഥാന സര്‍ക്കാര്‍ ഹനാനെതിരെ അപവാദ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരന്നു. ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനും അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.