ഹനാനെതിരെ വ്യാജപ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട നൂറുദ്ദീന്‍ ഷെയ്ഖ് മാപ്പപേക്ഷയുമായി രംഗത്ത്

single-img
27 July 2018

എറണാകുളം: ‘കൊച്ചിയില്‍ പഠനത്തിന് ശേഷം 60 കിലോമീറ്ററുകള്‍ സഞ്ചരിച്ച് മീന്‍ വില്‍പ്പന നടത്തുന്ന പെണ്‍കുട്ടി’ എന്ന വാര്‍ത്ത ഏറെ ഉത്സാഹത്തോടെയാണ് മലയാളി ഏറ്റെടുത്തത്. എന്നാല്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്ക് ശേഷം പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇത് ഒരു സിനിമ പ്രമോഷന്റെ ഭാഗമാണെന്ന പ്രചരണം ശക്തമായത്.

ഇതോടെ ഹനാനെതിരെ വലിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നു. ഇതിന് വഴിവച്ചത് നൂറുദ്ദീന്‍ ഷേക്ക് എന്ന യുവാവിന്റെ ഫേസ്ബുക്ക് ലൈവായിരുന്നു. ഹനാന്‍ നവരത്‌ന മോതിരമിട്ടിരിക്കുന്നുവെന്നും ഗ്ലൗസ് ഇട്ടാണ് മീന്‍ വില്‍ക്കുന്നതെന്നും തരക്കേടില്ലാത്ത വസ്ത്രം ധരിക്കുന്നെന്നും അരുണ്‍ ഗോപിയും മറ്റും അവളെ വിളിച്ചെന്നുമാണ് ഇയാള്‍ വീഡിയോയില്‍ പറഞ്ഞത്.

എന്നാല്‍ പിന്നീട് ഹനാന്റെ സുഹൃത്തുക്കളും കോളേജ്-ആശുപത്രി അധികൃതരും ഹനാന്‍ പറഞ്ഞതാണ് സത്യം എന്ന് വ്യക്തമായതോടെ നൂറുദ്ദീനെതിരെ പ്രതിഷേധമുയര്‍ന്നു. ഇതെ തുടര്‍ന്നാണ് ഇയാള്‍ മാപ്പപേക്ഷയുമായി രംഗത്ത് വന്നത്. താനൊരു മുസ്‌ലീം ലീഗ് പ്രവര്‍ത്തകനാണെന്നും ഇയാള്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഹനാനെ നേരിട്ട് വിളിച്ച് മാപ്പുപറയാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഇയാള്‍ പറയുന്നു.

ഹനാനെതിരെ അധിക്ഷേപം ഉന്നയിച്ചപ്പോള്‍ അവള്‍ നേരിടേണ്ടിവന്ന അധിക്ഷേപങ്ങള്‍ ഇപ്പോള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നടക്കുകയാണെന്നും മാന്യമായ കമന്റുകള്‍ ഇടണമെന്നും ഇയാള്‍ സോഷ്യല്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു. മാധ്യമങ്ങളാണ് ഹനാനിന്റെ ജീവിതം ഇത്തരത്തിലാക്കിയത് എന്നും ഇയാള്‍ പറയുന്നു.