Latest News

ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയാ ഗുണ്ടായിസം; ഹനാനെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന കോളേജ് വിദ്യാര്‍ഥിനി ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണ്. സോഷ്യല്‍ മീഡിയ എന്തും പറയുന്നവരുടെ കേന്ദ്രമായി മാറുന്നുവെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.

അതിജീവനത്തിന് വേണ്ടി പോരാടാന്‍ തീരുമാനിച്ച ഹനാനെ പോലൊരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ഒരവസ്ഥ നേരിടേണ്ടി വന്നത് സമൂഹത്തിന്റെ മാത്രം കുഴപ്പമാണ്. സഹായഹസ്തം നീട്ടേണ്ടതിനു പകരം ആ കുട്ടിയെ മാദ്ധ്യമവിചാരണയ്ക്ക് വിധേയയാക്കാനിറങ്ങിയവര്‍ സാമൂഹ്യദ്രോഹികളാണ്’ ജോസഫൈന്‍ പറഞ്ഞു.

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവരെ പ്രത്യേകമായി സിറ്റിംഗുകളില്‍ വിളിച്ച് വിചാരണ ചെയ്യുമെന്നും എം.സി.ജോസഫൈന്‍ വ്യക്തമാക്കി. ശനിയാഴ്ച ഹനാനെ നേരില്‍ കാണുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

തമ്മനത്തു യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണു ഹനാന്‍ ശ്രദ്ധാകേന്ദ്രമായത്. ഒട്ടേറെപ്പേര്‍ സഹായവാഗ്ദാനവുമായി രംഗത്തുമെത്തി. തൊടുപുഴ അല്‍ അസര്‍ കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഈ തൃശൂര്‍ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീന്‍ കച്ചവടമെന്നായിരുന്നു പറഞ്ഞിരുന്നത്.

വാര്‍ത്തയ്ക്കു പിന്നാലെ തന്റെ അടുത്ത സിനിമയില്‍ ഹനാന് അവസരം നല്‍കുമെന്നു സംവിധായകന്‍ അരുണ്‍ ഗോപിയുടെ വാഗ്ദാനവുമുണ്ടായി. ഇതിനു പിന്നാലെയാണു സിനിമയുടെ പ്രമോഷനു വേണ്ടിയാണു മീന്‍ വില്‍പനയെന്ന ആക്ഷേപം ഉയര്‍ന്നത്. ഹനാനെതിരേ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയവരെ കേരള പോലീസിന്റെ സൈബര്‍ സുരക്ഷാവിഭാഗം നിരീക്ഷിച്ചുവരികയാണ്.

അതിനിടെ ഹനാന്‍ എന്ന പെണ്‍കുരുന്നിനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അഭിമാനം പണയംവെക്കാതെ, തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു.

എന്നാല്‍, വസ്തുതകള്‍ മനസ്സിലാക്കുകപോലും ചെയ്യാതെ, പാവപ്പെട്ടവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അപനിര്‍മ്മിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച നവമാധ്യമങ്ങളിലെ പുഴുക്കുത്തുകള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളത്. ഇത്തരക്കാര്‍ പൊതു സമൂഹത്തിന് ഭാരമാണ് എന്നും അദ്ദേഹം പറഞ്ഞു.