മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

single-img
27 July 2018

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല (75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. കാസർകോട് ചെർക്കളത്തെ വസതിയിലാണ് അന്ത്യം. ഖബറടക്ക സമയത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല

കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങള്‍ അടക്കമുള്ളവരും അബ്ദുള്ളയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഈ അവസരത്തില്‍ തനിക്ക് വീട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം അബ്ദുള്ള നേതാക്കളോട് പങ്കുവെച്ചിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതി കാണാത്ത അവസ്ഥയില്‍ അദ്ദേഹത്തിന്റെ അവസാന ആഗ്രഹം എന്ന നിലയ്ക്ക് വീട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

വീട്ടിലേക്ക് മാറ്റിയതിന് പിന്നാലെ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജില്ലാ നേതൃത്വത്തിൽ വിവിധ പദവികൾ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന ട്രഷററും യുഡിഎഫ് ജില്ലാ ചെയർമാനുമാണ്. തുടർച്ചയായി നാലു തവണ മഞ്ചേശ്വരത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു (1987–2001). 2001 ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയായി

മുസ്‌ലിം ലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി,സംസ്ഥാന കമ്മറ്റിയംഗം, വഖഫ് ബോർഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മറ്റി അംഗം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ തുടങ്ങി പാ‍ർട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങൾ കൈകാര്യം ചെയ്തു.