ഷുക്കൂര്‍ വധം: ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി

single-img
26 July 2018

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍ സെപ്റ്റംബര്‍ മാസത്തില്‍ അന്തിമവാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

ഷുക്കൂര്‍ വധക്കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് സിപിഎം നേതാവ് പി ജയരാജന്‍, ഒന്നാം പ്രതി പ്രകാശന്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്റെ പേരില്‍ സിബിഐ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ജയരാജന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ കേസ് വേഗം തീര്‍പ്പാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. സി.ബി.ഐ മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ പി. റാവല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ആദ്യം ജഡ്ജിമാര്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൈമാറാം എന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.