‘എന്നോട് കാണിക്കുന്നത് വിവേചനം തന്നെയാണ്’; സെറീന വില്ല്യംസ്

single-img
26 July 2018

തന്നോട് വിവേചനം കാണിക്കുന്നുവെന്ന പരാതിയുമായി സെറീന വില്ല്യംസ് രംഗത്തെത്തി. അമേരിക്കയിലെ ആന്റി ഡോപ്പിംഗ് ഏജന്‍സി തന്നെ മാത്രം കൂടുതല്‍ തവണ പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നാണ് സെറീന ആരോപിക്കുന്നത്. വിംബിള്‍ഡണിനിടെയുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സെറീന തന്റെ ഔദ്യോഗിക ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്

‘എന്നെ മാത്രം കൂടുതല്‍ തവണ പരിശോനയ്ക്ക് വിധേയമാക്കി. മറ്റുള്ളവര്‍ക്ക് ഇത്രയൊന്നും ഉണ്ടായിരുന്നില്ല. ഇത് വിവേചനമല്ലാതെ മറ്റെന്താണ്. സ്‌പോര്‍ട്‌സിനെ ശുദ്ധീകരിക്കാനുള്ള എന്ത് നടപടിക്കും ഞാന്‍ തയ്യാറാണ്.’ എല്ലാവരേയും ഒരു പോലെ പരിശോധിക്കാന്‍ തയ്യാറാകണമെന്ന് സെറീന ആവശ്യപ്പെട്ടു.

ഫ്‌ലോറിഡയിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും സെറീന വ്യക്തമാക്കി. ജൂണ്‍ മാസത്തില്‍ മാത്രം അഞ്ച് തവണ ടെസ്റ്റിന് വിധേയമാക്കിയെന്നും സെറീന പരാതിപ്പെട്ടു. വിവാഹിതയായ സെറീന ഒരു പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയാണ്. അമ്മ ആയ ശേഷമുള്ള ആദ്യ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായിരുന്നു വിംബിള്‍ഡണ്‍.