അഭിമന്യുവിന്റെ അരും കൊല; മുഖ്യപ്രതി ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

single-img
26 July 2018

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍. കൊലയാളി സംഘാംഗത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. തലശേരി സ്വദേശിയായ റിഫ നിയമവിദ്യാര്‍ഥിയാണ്.

അഭിമന്യുവിനെ ആക്രമിച്ച സംഘത്തെ വിളിച്ചുവരുത്തിയത് റിഫയാണ്. ബാംഗ്ലൂരില്‍ നിന്നാണ് റിഫയെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ നേരിട്ടു പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷിനെ (28) അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സംഭവ ദിവസം വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ പള്ളുരുത്തിയില്‍ നിന്നു ക്യാംപസിലെത്തിയ നാലംഗ സംഘത്തിന്റെ നേതാവാണ് ഇയാള്‍. കേസില്‍ നേരത്തെ അറസ്റ്റിലായ റിയാസിനെ സ്വന്തം വാഹനത്തില്‍ ക്യാംപസിലെത്തിച്ചതും സനീഷാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അടക്കം ഇയാള്‍ പങ്കാളിയാണെന്നു പൊലീസ് പറഞ്ഞു.

അഭിമന്യു അടക്കം മൂന്നു വിദ്യാര്‍ഥികള്‍ക്കാണു കുത്തേറ്റത്. വിദ്യാര്‍ഥികളെ കുത്തിയതോ പിടിച്ചു നിര്‍ത്തി കൊടുത്തതോ സനീഷാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. തോപ്പുംപടി മത്സ്യബന്ധന ഹാര്‍ബറിലെ യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന സനീഷ് നഗരത്തിലെ മാലിന്യനീക്ക കരാറിലും പങ്കാളിയാണ്.

മഹാരാജാസ് കോളജ് വിദ്യാര്‍ഥി ജെ.ഐ. മുഹമ്മദ് അറസ്റ്റിലായ ശേഷം നല്‍കിയ മൊഴികളിലാണു സനീഷിന്റെ പങ്കു പൊലീസിനു വ്യക്തമായത്. കേസില്‍ നേരത്തെ അറസ്റ്റിലായ കെ.ഐ. നിസാര്‍ (39), ബി.എസ്. അനൂപ് (37) എന്നിവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.