മന്ത്രിയുടെ അനുജനെ ആശുപത്രിയിലെത്തിക്കാന്‍ സൈനിക ഹെലിക്കോപ്ടര്‍; കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ വിവാദത്തില്‍

single-img
26 July 2018

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ സഹോദരനെ ചികിത്സക്കായി കൊണ്ടുപോകാന്‍ സൈനിക ഹെലിക്കോപ്ടര്‍ വിട്ട് നല്‍കിയത് ആയുധമാക്കി ഡിഎംകെ. അധികാരദുര്‍വിനിയോഗം നടത്തിയ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും രാജിവെക്കണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസമാണ് പനീര്‍ശെല്‍വത്തിന്റെ ഇളയ സഹോദരന്‍ ബാലമുരുകത്തെ മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് സൈന്യത്തിന്റെ ഹെലികോപ്ടറില്‍ കൊണ്ടുപോയത്. ഇത് കൃത്യമായ അധികാര ദുര്‍വിനിയോഗമാണ്. രണ്ടുപേരും തെറ്റ് ചെയ്തവരാണ്. അതിനാല്‍ ഇരുവരുടേയും രാജി അനിവാര്യമാണ്- സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

അതേസമയം, മാനുഷിക പരിഗണന കണക്കിലെടുത്താണ് ഹെലിക്കോപ്ടര്‍ വിട്ടുനല്‍കിയതെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. മൂന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് ബാലമുരുകനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പനീര്‍ശെല്‍വം നിര്‍മലാ സീതാരാമന്റെ ഓഫീസിനെ സമീപിക്കുന്നത്.

സ്വകാര്യ ഹെലിക്കോപ്ടര്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആദ്യമേ തന്നെ പരാജയപ്പെട്ടു. തുടര്‍ന്ന് ബംഗളൂരുവില്‍ നിന്നും സൈനിക എയര്‍ ആംബുലന്‍സ് എത്തിച്ച് ബാലമുരുകനെ ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇതിന് പനീര്‍സെല്‍വം നേരിട്ടെത്തി നിര്‍മലാ സീതാരാമന് നന്ദി പറയുകയും ചെയ്തു.

എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി അണ്ണാ ഡി.എം.കെ വോട്ട് ചെയ്തതും പനീര്‍ശെല്‍വം ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമാണ് പ്രതിപക്ഷ പാര്‍ട്ടികളെ പ്രകോപിപ്പിച്ചത്. സ്വകാര്യ വ്യക്തിക്ക് സൈനിക ഹെലിക്കോപ്ടര്‍ വിട്ടുനല്‍കിയ സംഭവത്തില്‍ വന്‍ദുരൂഹതയുണ്ടെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ ആരോപിച്ചു. ഇരുവരും രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.