എച്ച്‌ഐവി രോഗം ബാധിച്ച 16കാരിയോട് അപരിചിതര്‍ എങ്ങനെ പെരുമാറിയെന്ന് നോക്കൂ: വീഡിയോ

single-img
26 July 2018

യുനിസെഫ് ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ ആണ് ഏവരുടേയും കണ്ണ് തുറപ്പിക്കുന്നത്. ‘ഞാന്‍ എച്ച്‌ഐവി പോസിറ്റീവ് ആണ്. എന്നെ കെട്ടിപ്പിടിക്കൂ ‘എന്ന പ്ലക്കാര്‍ഡുമായി തിരക്കേറിയ റോഡില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയും അപരിചിതര്‍ അവളോട് എങ്ങനെ പെരുമാറുന്നു എന്നതുമാണ് വീഡിയോയിലുള്ളത്.

ഉസ്‌ബെക്കിസ്ഥാനിലെ തിരക്കേറിയ നഗരത്തിലാണ് ദൃശ്യം അരങ്ങേയറിയത്. കെട്ടിപ്പിടിച്ചതുകൊണ്ടോ ഉമ്മവച്ചതുകൊണ്ടോ രോഗം പകരില്ല എന്ന ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് 16 വയസ്സുള്ള ആ പെണ്‍കുട്ടി അങ്ങനെ ചെയ്തത്. രക്തത്തിലൂടെയോ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ മാത്രമേ എച്ച്‌ഐവി രോഗം പകരുകയുള്ളൂ എന്നും അവള്‍ കാര്‍ഡില്‍ എഴുതിയിട്ടുണ്ട്.

‘കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ എച്ച്‌ഐവി രോഗബാധിതയാണ്. എനിക്ക് ഇപ്പോഴും ഒരു കുഴപ്പവുമില്ല. ഞാന്‍ സന്തോഷവതിയുമാണ്. ഈ രോഗമുള്ളവര്‍ സമൂഹത്തിന് അപകടകാരികളല്ല എന്ന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തില്‍ ക്യാംപയിന്‍ സംഘടിപ്പിച്ചത്. ‘ആസിമ എന്ന ആ പെണ്‍കുട്ടി വ്യക്തമാക്കി.

ആളുകള്‍ വളരെ പോസിറ്റീവായാണ് അവളോട് പെരുമാറിയത്. എല്ലാ പ്രായത്തിലുമുള്ളവര്‍ അവളെ ആലിംഗനം ചെയ്തു. ചിലര്‍ ഉമ്മവച്ചു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട്. കൈകുഞ്ഞുങ്ങളുമായി എത്തിയവരും ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആസിമയ്ക്ക് നല്ല പിന്തുണയാണ് ലഭിച്ചത്.

എല്ലാവരും അവളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. താന്‍ ഇത്രയും പോസിറ്റീവായ പ്രതികരണം ജനങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും എല്ലാവരും എന്നോട് വീട്ടിലെ ഒരംഗത്തെ പോലെയാണ് പെരുമാറിയതെന്നും ആസിഫ പറഞ്ഞു.