‘ഹനാന്‍ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്’: പിന്തുണച്ച് മണികണ്ഠന്‍

single-img
26 July 2018

പഠനത്തിന് ശേഷം യൂണിഫോമില്‍ മീന്‍വില്‍പ്പന നടത്തുന്ന വിദ്യാര്‍ത്ഥിനി ഹനാന് പിന്തുണയുമായി നടന്‍ മണികണ്ഠന്‍ ആചാരി. ഹനാന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി മണികണ്ഠന്‍ രംഗത്തുവന്നത്.

‘സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനും പഠിക്കാനും ശ്രമിക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ മനസ്സിനെ ഞാന്‍ അംഗീകരിക്കുന്നു. എന്റെ ജീവിതം തുടങ്ങിയ ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ ഞാന്‍ എന്റെ കൂട്ടുകാരോട് അനേഷിച്ചപ്പോള്‍ സംഭവം സത്യം ആണ്.’

‘കഴിഞ്ഞ 3 ദിവസം ആയി മീന്‍ എടുക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടി ചമ്പക്കര മത്സ്യ മാര്‍ക്കറ്റില്‍ വരാറുണ്ട്, കണ്ടവരും ഉണ്ട്. പിന്നെ അരുണ്‍ ഗോപി പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് ഇത്തരം ഒരു പ്രൊമോഷന്റെ ആവശ്യം ഉണ്ടെന്നു മലയാളികള്‍ ആരും വിശ്വസിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഹനാന്‍ എന്ന പെണ്‍കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും.’–മണികണ്ഠന്‍ പറഞ്ഞു.

നേരത്തെ, ഹനാനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്റെ സഹപാഠികളും രംഗത്ത് വന്നിരുന്നു. ഹനാന്‍ പഠിക്കുന്ന തൊടുപുഴ അല്‍അസ്ഹര്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഹനാന് പിന്തുണയര്‍പ്പിച്ച് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹനാനെപ്പറ്റി പത്രങ്ങളില്‍ വന്ന വാര്‍ത്ത സത്യമാണ്. മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഹനാന്‍ മീന്‍വില്‍പ്പന നടത്തി തുടങ്ങിയതെന്ന് പല വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഹനാന്റെ സുഹൃത്തുക്കളായ അന്‍സിലും അബുവും വീഡിയോയിലൂടെ പറഞ്ഞത്.

ഹനാനെ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. കോളേജില്‍ വന്നതുമുതല്‍ അവളെ ഞങ്ങള്‍ക്കറിയാം. അവളെന്താണെന്ന അറിയാതെ വിമര്‍ശിക്കുന്നവര്‍ക്ക് ഹനാനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും അന്‍സിലും അബുവും ചോദിക്കുന്നു.

ഹനാന്റെ ദരിദ്രപശ്ചാത്തലം ശരിവെച്ച് കോളേജ് പ്രിന്‍സിപ്പലും രംഗത്തെത്തി. ഹാനാന് മറ്റ് വരുമാന മാര്‍ഗമൊന്നും ഇല്ലെന്നും കോളേജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ഹനാന്‍ ബുദ്ധിമുട്ടാറുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. മീന്‍വിറ്റും മറ്റുമാണ് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഹനാന്റെ കുടുംബപശ്ചാത്തലവും മോശമാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.