രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ സഹോദരിമാരായ 3 കുട്ടികള്‍ വിശന്നു മരിച്ചു

single-img
26 July 2018

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മണ്ഡാവലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് സഹോദരിമാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടും നാലും എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. മരണവിവരം പുറത്തുവന്നതിന് ശേഷം ഇവരുടെ അച്ഛനെ കാണാതായി.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികളെ അമ്മയും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ജീവനുണ്ടെന്ന് കരുതിയാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെങ്കിലും നേരത്തെ മരിച്ചിരുന്നതായി സ്ഥിരീകരിച്ചു. പട്ടിണി കാരണമാണ് പെണ്‍കുട്ടികള്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കുട്ടികള്‍ മരിച്ചതെങ്ങനെയെന്ന് അന്വേഷിച്ച പൊലീസുകാരോട് ആ അമ്മ ദയനീയ സ്വരത്തില്‍ പറഞ്ഞു… ‘എനിക്കു കുറച്ച് ആഹാരം തരുമോ..?’ എന്നാണ്. ബംഗാളില്‍നിന്നുള്ള അഞ്ചംഗ കുടുംബം ശനിയാഴ്ചയാണ് നേരത്തേ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മാന്‍ഡാവാലിയില്‍ എത്തിയത്.

കുട്ടികളുടെ പിതാവിന്റെ സുഹൃത്താണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്ന് അയല്‍ക്കാര്‍ അറിയിച്ചു. അവരെ ഇവിടെ എത്തിച്ചതിനുപിന്നാലെ റിക്ഷാ വലിക്കുന്ന പിതാവിനെ കാണാതായി. ഇയാള്‍ ജോലി അന്വേഷിച്ചു പോയതാണെന്നാണ് വിവരം. റിക്ഷാ മോഷണം പോയതിനെത്തുടര്‍ന്നാണ് കുടുംബം ജോലി അന്വേഷിച്ച് ഡല്‍ഹിയില്‍ എത്തിയത്.

കുട്ടികളില്‍ രണ്ടുപേര്‍ക്ക് കുറച്ചുദിവസങ്ങളായി എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍പ്പെടുത്തി മൂത്ത കുട്ടിക്ക് ഭക്ഷണം ലഭിച്ചിട്ടും അസുഖം വന്നത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല.

കുടുംബം താമസിച്ചിരുന്ന മുറിയില്‍നിന്ന് വയറിളക്കത്തിനുള്ള മരുന്നുകുപ്പികള്‍ ഫൊറന്‍സിക് സംഘം കണ്ടെടുത്തു. അതിനിടെ, സംഭവം എഎപിക്കെതിരെ രാഷ്ട്രീയ വിവാദമാക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒരുങ്ങുകയാണ്. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ചു.

എന്നാല്‍ റേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാനുള്ള എഎപിയുടെ പദ്ധതികള്‍ക്കു തടസ്സമുണ്ടാക്കിയ ബിജെപിയാണ് ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിയെന്ന് സര്‍ക്കാരും ആരോപിക്കുന്നു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുന്നതിനൊപ്പം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താനും നിര്‍ദേശം നല്‍കി.